SignIn
Kerala Kaumudi Online
Wednesday, 22 July 2026 3.35 AM IST

നിതിൻ രാജിന്റെ മരണം ക്രൈംബ്രാഞ്ചിന് ഗുരുതര വീഴ്ച, അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി

police

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ അറസ്റ്റിലായ ഡോ. റാമിനു ജാമ്യംലഭിച്ചതിൽ ക്രൈംബ്രാഞ്ചിനുണ്ടായത് ഗുരുതരവീഴ്ച. അറസ്റ്റിനും വൈദ്യപരിശോധനയ്ക്കുമുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്നും വിട്ടുവീഴ്ച പാടില്ലെന്നും ഐ.ജി അജീതാബീഗം ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും അന്വേഷണസംഘം വകവച്ചില്ല. ഇതേത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി സുധീറിനെയും മേൽനോട്ട ചുമതലയിൽ നിന്ന് എസ്.പി വേണുഗോപാലിനെയും മാറ്റി. മലപ്പുറം എസ്.പി മോഹനചന്ദ്രന് മേൽനോട്ട ചുമതല നൽകി. അജീതാബീഗം നേതൃത്വം നൽകും.

നിതിന്റെ മരണത്തിൽ ലോൺആപ്പ് നടത്തിപ്പുകാരുടെ പങ്ക് അന്വേഷിച്ചിരുന്ന ഡിവൈ.എസ്.പി ജീവൻജോർജിന് ഡോ. റാമിന്റെ കേസിന്റെയും ചുമതല നൽകി. വീഴ്ചകൾ അന്വേഷിക്കാൻ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിയോട് നിർദ്ദേശിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിയിൽ നിന്നും ക്രൈംബ്രാഞ്ച് മേധാവിയിൽ നിന്നും റിപ്പോർട്ട് തേടി. നടപടികളിലെ വീഴ്ചകൾ ഉത്തരമേഖലാ ഐ.ജി പുട്ടവിമലാദിത്യ അന്വേഷിക്കാൻ ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ആദ്യ അന്വേഷണ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തേക്കും.

അതേസമയം,​ അന്വേഷണ സംഘത്തെ മുഴുവൻ മാറ്റിയിട്ടില്ലെന്നും രണ്ടുപേരെയാണ് മാറ്റിയതെന്നും ക്രൈംബ്രാഞ്ച് ഐ.ജി എസ്.അജീതാബീഗം കേരളകൗമുദിയോട് പറഞ്ഞു. കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് ആവശ്യമുണ്ടെങ്കിൽ ഇവർക്ക് നിയമിക്കാമെന്നും അറിയിച്ചു. ഡിവൈ.എസ്.പി സുധീറാണ് റാമിനെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയതും രേഖകൾ തയ്യാറാക്കിയതും ഇൻസ്പക്ടർ ശ്രീജിത്തായിരുന്നു. അറസ്റ്റിന്റെ കാരണവും സാഹചര്യവും വ്യക്തമാക്കി പ്രതിയുടെ ബന്ധുക്കൾക്കടക്കം നോട്ടീസ് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇത് പാലിക്കണമെന്ന് ഐ.ജി അജീതാബീഗം നിർദ്ദേശിച്ചിരുന്നതാണ്. ലഹരിക്കേസുകളിൽ പോലും നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ അനധികൃത അറസ്റ്രായി കോടതി വിധിക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും അന്വേഷണസംഘം പാലിച്ചില്ല. അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാനും വൈകി. ഡോ. റാമിന് ജാമ്യംലഭിച്ചത് സേനയ്ക്കാകെ നാണക്കേടുണ്ടായെന്നാണ് വിലയിരുത്തൽ. നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും അറസ്റ്റുചെയ്യാനാണ് നീക്കം.

ഒത്തുകളിയെന്ന് കുടുംബം

പ്രതിയും പൊലീസും ഒത്തുകളിച്ചതിനെത്തുടർന്നാണ് റാമിനു ജാമ്യം ലഭിച്ചതെന്ന് നിതിന്റെ കുടുംബം ആരോപിച്ചു. കോടതി ഇടപെട്ടതിനാലാണ് അറസ്റ്റ് നടന്നതെന്നും ജനങ്ങളെ ബോധിപ്പിക്കാനാണ് നാടകമുണ്ടാക്കിയതെന്നും സഹോദരി രാഖി പറഞ്ഞു. സുപ്രീംകോടതി വരെ ജാമ്യം തള്ളിയ കേസിൽ നിസാരമായി ജാമ്യംകിട്ടാൻ പ്രതിക്ക് സൗകര്യം ചെയ്ത് കൊടുത്തു. പ്രതിയുടെ കുടുംബക്കാർ വരെ അവിടെയുണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIMEBRANCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA