SignIn
Kerala Kaumudi Online
Thursday, 22 October 2026 7.49 PM IST

വിശ്വാസ വെളിച്ചം തേടി പമ്പാ തീരത്തേക്ക് ആയിരങ്ങൾ

adoor

മാരാമൺ (പത്തനംതിട്ട) : ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ മാരാമൺ കൺവെൻഷനിലേക്ക് വിശ്വാസ വെളിച്ചം തേടി ആയിരങ്ങളുടെ ഒഴുക്ക്. പമ്പാ നദീതീരത്ത് ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്ന ഓലപ്പന്തലിൽ വചനമാരിയുടെ എട്ടുനാളുകൾ. മാർത്താേമ സഭ സുവിശേഷ പ്രസംഗ സംഘമാണ് കൺവെൻഷൻ നടത്തുന്നത്. ഇത്തവണ നൂറ്റിമുപ്പതാം വാർഷികമാണ്. ആധുനിക സമൂഹം നേരിടുന്ന പ്രശ്നങ്ങളെ സമഗ്രമായി അവതരിപ്പിച്ചും പരിഹാരം നിർദേശിച്ചും മാർത്തോമ സഭാദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മെത്രാപ്പൊലീത്ത നടത്തിയ പ്രസംഗത്തോടെ ഞായറാഴ്ചയാണ് കൺവെൻഷൻ തുടങ്ങിയത്. പുതിയ തലമുറയെ ദൈവ വിശ്വാസത്തോടെ വളർത്തണമെന്നും ഇല്ലെങ്കിൽ ചെന്നു പതിക്കുക വലിയ ദുരന്തങ്ങളിലായിരിക്കുമെന്നും മെത്രാപ്പൊലീത്ത ഓർമിപ്പിച്ചു.

മാർത്തോമ സഭയിലെ ബിഷപ്പുമാർക്കു പുറമേ ഓർത്തഡോക്സ്, യാക്കോബായ, കൽദായ, സി.എസ്.ഐ, മലങ്കര കത്തോലിക്ക വിഭാഗങ്ങളിലെ ബിഷപ്പുമാരും എക്യുമിനിക്കൽ സമ്മേളനത്തിൽ പങ്കെടുക്കാറുണ്ട്. അഖിലലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ. ഡോ. പ്രൊഫ.ജെറി പിള്ളൈ, കൊളംബിയ തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടർ അലോയോ, പ്രമുഖ വചന പ്രഘോഷകൻ ഡോ. രാംകുമാർ രാമചന്ദ്രൻ (ഡൽഹി) എന്നിവരാണ് ഈ വർഷത്തെ വിശിഷ്ടാതിഥികൾ. ബൈബിൾ ക്ളാസുകൾ, കുട്ടികൾക്കുള്ള യോഗങ്ങൾ, ദിവസവും പൊതുയോഗം, സായാഹ്ന യോഗങ്ങൾ, കുടുംബവേദി യോഗങ്ങൾ എന്നിവയാണ് കൺവെൻഷന്റെ ഭാഗമായി നടക്കുന്നത്.

മാർത്തോമ സഭാദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മെത്രാപ്പൊലീത്തയുടെ സമാപന സന്ദേശത്തോടെ അടുത്ത ഞായറാഴ്ച സമാപിക്കും.

പ്രസംഗം ഏറ്റുപറഞ്ഞ്

മണൽപ്പുറത്ത് തുടക്കം

ആറൻമുള കോട്ടതട്ടിമാലി മണൽപുറത്ത് 1895ൽ 10 ദിവസം നീണ്ടുനിന്ന ഉണർവ് യോഗത്തോടെയാണ് മാരാമൺ കൺവെൻഷന് തുടക്കമായത്. കത്തിച്ചുവച്ച പന്തവും ചൂട്ടുകറ്റയും വിളക്കുമായിരുന്നു വെളിച്ചം. 1946ൽ ആദ്യമായി ഉച്ചഭാഷിണി ഉപയോഗിക്കുന്നതുവരെ പ്രസംഗങ്ങൾ വിശ്വാസികൾ ഏറ്റുപറഞ്ഞാണ് മറ്റുള്ളവർ ശ്രവിച്ചത്. 1920മുതൽ 1969വരെ ഡോ. ഇ. സ്റ്റാൻലി ജോൺസായിരുന്നു പ്രഭാഷകൻ. ഡോ. സാധുസുന്ദർസിംഗ്, ജപ്പാനീസ് സാമൂഹിക പ്രവർത്തകൻ ടൊയോഹിക്കോ കഗാവ എന്നിവരായിരുന്നു ആദ്യകാലത്തെ മറ്റ് പ്രഭാഷകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA