
തിരുവനന്തപുരം: മോദി പ്രശംസയുെ സംസ്ഥാന സർക്കാരിന്റെ വ്യവസായ നയത്തെ പ്രകീർത്തിച്ചതും വഴി കോൺഗ്രസിനെ വെട്ടിലാക്കിയ ശശിതരൂർ എം.പിയുടെ കാര്യത്തിൽ കൂടുതൽ പ്രകോപനം വേണ്ടെന്നും അതേസമയം മൃദുസമീപനമില്ലെന്നുമുള്ള നിലപാടിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ്.
വ്യവസായ നയത്തെ പുകഴ്ത്തിയുള്ള ലേഖനം വിവാദമായ ശേഷവും കാഴ്ചപ്പാടിൽ മാറ്റം വരുത്താതെ തന്റെ ഭാഗത്തെ വീണ്ടും ന്യായീകരിച്ചതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.താൻ പ്രതീക്ഷിക്കും വിധമുള്ള പരിഗണന പാർട്ടിയിൽ കിട്ടുന്നില്ലെന്ന പരാതിയാണ് തരൂർ രാഹുലിന് മുന്നിൽ പ്രധാനമായും വച്ചതെന്നറിയുന്നു. ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട സ്ഥാനമാവണം അദ്ദേഹത്തിന്റെ മനസിൽ. എന്നാൽ തത്കാലം അതൊന്നും ചർച്ചയാക്കില്ല. മാത്രമല്ല, പാർട്ടി ലൈനിൽ നിന്നു തരൂർ വ്യതിചലിച്ചതിലുള്ള നീരസം രാഹുൽ അറിയിക്കുകയും ചെയ്തു. തരൂരിന്റെ തുടർ നീക്കങ്ങൾ ദേശീയ നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കും.
തനിക്കെതിരെ നേതാക്കളെല്ലാം ഒറ്റക്കെട്ടായതിൽ സന്തോഷമെന്ന് , ഡൽഹിയിൽ നിന്നെത്തിയ ശേഷം തരൂർ പറഞ്ഞത് , നീരസത്തിന്റെ പ്രതിഫലനാണ്. വിഷയം വിവാദമാക്കി തരൂരിന്റെ ഇമേജ് കൂട്ടേണ്ടെന്ന നിലപാടാണ് കെ.പി.സി.സി നേതൃത്വവും പ്രതിപക്ഷ നേതാവും സ്വീകരിച്ചത്.ശശിതരൂരുമായി കൊമ്പുകോർക്കാനോ വഴക്കിടാനോ ഇല്ലെന്നാണ് സതീശൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പ്രതിപക്ഷം സർക്കാരുമായി പോരാടുന്ന വിഷയത്തിൽ സർക്കാരിന് അനുകൂലമായി ലേഖനം എഴുതിയപ്പോൾ അതിലെ കണക്കുകൾ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും സതീശൻ അനുബന്ധമായി പറഞ്ഞിരുന്നു. വലിയ ദ്രോഹമൊന്നും തരൂർ പറഞ്ഞിട്ടില്ലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അഭിപ്രായപ്പെട്ടത്. തരൂർ പറഞ്ഞതിനെ വ്യാഖ്യാനിച്ച് വലുതാക്കിയതാണെന്ന് കൂടി സുധാകരൻ കൂട്ടിച്ചേർത്തത് നിലപാടിന്റെ മയപ്പെടുത്തലാണ്.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |