SignIn
Kerala Kaumudi Online
Thursday, 22 October 2026 4.47 PM IST

പി.എസ്.സി  ശമ്പള വർദ്ധന: വിയോജിപ്പുമായി സി.പി.ഐ

READ ENGLISH VERSION
images

തിരുവനന്തപുരം: പി.എസ്.സി അംഗങ്ങൾക്ക് വാരിക്കോരി ശമ്പളം നൽകാനുള്ള സർക്കാർ തീരുമാനത്തിൽ സി.പി.ഐയ്ക്ക് അതൃപ്തി. ഇക്കാര്യം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് വീണ്ടും കൂടുതൽ കൊടുക്കുന്നതിനേക്കാൾ അഭികാമ്യം കുറഞ്ഞ ശമ്പളം വാങ്ങുന്നവർക്ക് കൊടുക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയുടെ പോഷക സംഘടനകളായ എ.ഐ.വൈ.എഫും എ.ഐ.ടി.യു.സിയും ആദ്യമേതന്നെ എതിർപ്പ് ഉയർത്തിയിരുന്നു. പന്തണ്ട് ദിവസമായി സെക്രട്ടേറിയേറ്റ് നടയിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരെ പിന്തുണച്ച് സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് സർക്കാർ നടപടികളിലെ പോരായ്മകളെക്കുറിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. പി.എസ്.സി അംഗങ്ങൾക്കു പുറമെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസിനുള്ള യാത്രാബത്തയിലും ലക്ഷങ്ങളുടെ വർദ്ധനവ്
വരുത്തിയത് മുന്നണിയിൽ കൂടിയാലോചന നടത്താതെയാണെന്ന് പ്രതികരണത്തിൽ നിന്നു വ്യക്തമാകുന്നു.

പി.എസ്.സി ചെയർമാന്റേയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വൻതോതിൽ വർദ്ധിപ്പിച്ച നടപടി റദ്ദാക്കണമെന്നായിരുന്നു എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വിവിധ മേഖലകളിലെ തൊഴിലാളികളുടെ ന്യായമായ വേതന വർദ്ധന നിഷേധിക്കുമ്പോൾ പി.എസ്.സി അംഗങ്ങൾക്ക് വാരിക്കോരി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത് അനുചിതവും ഇടതുപക്ഷ സർക്കാരിന് യോജിച്ചതല്ലെന്നും എ.ഐ.ടി.യു.സി തുറന്നടിച്ചു. എ.ഐ.വൈ.എഫും പ്രതിഷേധിച്ചിരുന്നു. നിലവിലെ പി.എസ്.സി ബോർഡിൽ സി.പി.ഐക്ക് മൂന്ന് അംഗങ്ങൾ ഉണ്ട്. സി.പി.എമ്മിന് പി.എസ്.സി യിൽ 14 അംഗങ്ങളാണുള്ളത്.



ആശാ വർക്കർമാർക്ക്

സി.പി.ഐ പിന്തുണ

ആശാവർക്കർമാരെ സമരത്തിലേക്ക് ആരോ തള്ളിവിട്ടതാണെന്നും രാജ്യത്ത് കൂടുതൽ വേതനം ആശാ വർക്കർമാർക്ക് നൽകുന്നത് കേരളത്തിലാണെന്നും ധനമന്ത്രി ബാലഗോപാൽ അടക്കമുള്ളവർ വാദിക്കുമ്പോഴാണ് സമരത്തെ സി.പി.ഐ ന്യായീകരിക്കുന്നത്.

അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നത് ഒരിക്കലും തെറ്റായി കമ്യൂണിസ്റ്റ് പാർട്ടി കണക്കാക്കുന്നില്ലെന്നും രാഷ്ട്രീയ നേട്ടത്തിന് തക്കം പാർത്തിരിക്കുന്നവർക്ക് അവസരം നൽകരുതെന്നുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ പ്രതികരിച്ചത് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA