
തിരുവനന്തപുരം: കടക്കെണിയാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന പ്രതി അഫാന്റെ മൊഴിയെ തുടർന്ന് കടം നൽകിയവരുടെ കണക്കെടുക്കാൻ പൊലീസ് നടപടി തുടങ്ങി . അഫാൻ പറഞ്ഞ ആൾക്കാർക്ക് പുറമെ ,മറ്റാരെങ്കിലും കടം കൊടുത്തിട്ടുണ്ടോ എന്നറിയാനും ആകെ എത്ര രൂപ കടമുണ്ടെന്നും കണ്ടത്താനാണ് ശ്രമം. അഫാന്റെ മൊഴിയിൽ വാസ്തവമുണ്ടോ എന്നറിയുകയും വേണം.
ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ അഫാന്റെ ബന്ധുക്കളെ ഇന്നലെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള മാതാവ് ഷെമിയുടെ സഹോദരൻ ഷെമീറിനെയും മറ്റു ബന്ധുക്കളെയും ഇന്നലെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്കാണ് ആറ്റിങ്ങൽ ഡിവൈ.എസ്.പി വിളിച്ചു വരുത്തിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
രണ്ടു മക്കളെയും
ഷെമി അന്വേഷിച്ചു
ആശുപത്രിയിൽ ചികിത്സയിലുള്ള ഷെമി ബോധം തിരിച്ചു കിട്ടിയതോടെ രണ്ട് മക്കളെയും അന്വേഷിച്ച് തുടങ്ങിയതായി സഹോദരൻ ഷെമീർ പറഞ്ഞു . കഴിഞ്ഞ ദിവസം ഇളയ മകനെ മാത്രമായിരുന്നു അന്വേഷിച്ചത്. ഇന്നലെ അഫാനെയും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി പറയുന്നു.
അയൽക്കാർ ഭീതിയിൽ,
ചിലർ വീടൊഴിഞ്ഞു
കൂട്ടക്കൊലപാതകത്തിന്റെ ആഘാതത്തിൽ നിന്ന് മോചിതരായിട്ടില്ല അയൽവാസികൾ. സംഭവത്തെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ പേടിയാണ്. പ്രതി പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാൽ ആക്രമിച്ചേക്കുമെന്ന ഭീതിയിലാണ് പലരും. പാലക്കാട് ചെന്താമര അയൽവാസികളെ കൊലപ്പെടുത്തിയ സംഭവമാണ് അവർ ചൂണ്ടിക്കാട്ടുന്നത്. അഫാന്റെ വീടിനോട് ചേർന്ന അയൽവാസികളിൽ പലരും വീടുപൂട്ടി താമസം മാറ്റി. സ്വന്തം സഹോദരനെപ്പോലും കൊല്ലുകയും അമ്മയെ വകവരുത്താൻ ശ്രമിക്കുകയും ചെയ്ത അഫാൻ അയൽക്കാരോട് കരുണ കാണിക്കുമോ എന്നാണ് അവർ ചോദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |