SignIn
Kerala Kaumudi Online
Friday, 22 May 2026 1.12 AM IST

വെള്ളമില്ലാതെ ഡാമുകൾ ശേഷിക്കുന്നത് 21% മാത്രം

a

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

തൊടുപുഴ: കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ജലസംഭരണികളിൽ ശേഷിക്കുന്നത് 21 ശതമാനം വെള്ളം മാത്രം. ഇതിലൂടെ 876.685 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കാനാകൂള്ളൂ. നിലവിലെ സ്ഥിതിയനുസരിച്ച് പരമാവധി 39 ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ശേഷിക്കുന്നത്. കഴിഞ്ഞവർഷം ഇതേസമയം 28 ശതമാനം വെള്ളമുണ്ടായിരുന്നു.

വേനൽ മഴ ദു‌ർബലമായതോടെ ശരാശരി രണ്ടുദിവസം കൂടുമ്പോൾ ജലനിരപ്പ് ഒരുശതമാനം വീതം താഴുന്നുണ്ട്. വേനൽക്കാലം ആരംഭിച്ച മാ‌ർച്ച് ഒന്നുമുതൽ ഇന്നലെ വരെ 35 ശതമാനം ജലം അണക്കെട്ടുകളിൽ താഴ്ന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടിൽ നിലവിലെ ജലനിരപ്പ് 2322.06 അടിയാണ്. പരമാവധി സംഭരണശേഷിയുടെ 24 ശതമാനമാണിത്. മുൻ വർഷത്തേക്കാൾ ആറുശതമാനം കുറവ്. കാലവർഷം നേരത്തെയെത്തിയില്ലെങ്കിൽ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധിയുണ്ടാകും.

വൈദ്യുതി

ഉപഭോഗത്തിൽ കുറവ്

ഏപ്രിലിനെ അപേക്ഷിച്ച് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു. 99.0497 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. ഇതിൽ 74.0281 ദശലക്ഷം യൂണിറ്റ് പുറമേ നിന്നുവാങ്ങി. 25.0216 ദശലക്ഷം യൂണിറ്റാണ് ആഭ്യന്തര ഉത്പാദനം. ഇതിൽ 9.586 ദശലക്ഷം യൂണിറ്റ് ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്നും 4.9131 ദശലക്ഷം യൂണിറ്റ് ശബരിഗിരി പദ്ധതിയിൽ നിന്നുമാണ്.


വേനൽ മഴ പോര

ഈവർഷം പ്രതീക്ഷിച്ചയത്ര വേനൽ മഴ ലഭിച്ചില്ല. 269.2 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 232.2 മി. മീ ആണ് കിട്ടിയത്. 14 ശതമാനം കുറവ്. മാർച്ച് ഒന്നുമുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. ഇടുക്കി, പാലക്കാട് ജില്ലകളിൽ 38 ശതമാനം മഴ കുറഞ്ഞു. അതേസമയം കോഴിക്കോടും കണ്ണൂരും ആവശ്യത്തിലധികം മഴ ലഭിച്ചു. കണ്ണൂരിൽ 50 ശതമാനത്തിലധികം അധികമഴ പെയ്തു.


പ്രധാന ഡാമുകളിലെ ജലനിരപ്പ് (ശതമാനത്തിൽ)

ഇടുക്കി- 24

പമ്പ- 16

ഷോളയാർ- 17

ഇടമലയാർ- 23

മാട്ടുപ്പെട്ടി- 11

കുറ്റിയാടി- 23

തരിയോട്- 12

ആനയിറങ്കൽ- 31

പൊന്മുടി- 24

പെരിങ്ങൽ- 30

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA