
പാലക്കാട്: ബി.ജെ.പിയുടെ എ പ്ലസ് പ്ലസ് മണ്ഡലമായി വിലയിരുത്തുന്ന പാലക്കാട് താമര വിരിയിക്കാൻ കേന്ദ്ര നേതൃത്വം ആരെ നിയോഗിക്കും?. അത് അറിയാനുള്ള ആകാംക്ഷയിലാണ് നേതാക്കളും പ്രവർത്തകരും. പാർട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കോർകമ്മിറ്റി നൽകിയ സ്ഥാനാർത്ഥി സാധ്യതാപട്ടിക കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലാണ്.ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. യു.ഡി.എഫ്- എൽ.ഡി.എഫ് ക്യാമ്പും കാതോർക്കുന്നുണ്ട്.
സ്ഥാനാർത്ഥി പട്ടികയിൽ ആദ്യത്തെ പേര് സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിന്റേതാണ്. അദ്ദേഹം മണ്ഡലത്തിലുടനീളം സജീവമാണ്. അടുത്തത് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനാണ്. സംസ്ഥാന അദ്ധ്യക്ഷന്റെ പേരും ഒടുവിൽ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്, എന്നാൽ അദ്ദേഹം സമ്മതം അറിയിച്ചിട്ടില്ലെന്നാണ് സൂചന.
ഇന്നലെ പ്രമുഖരെയും നേതാക്കളെയും കണ്ട് അനുഗ്രഹവും പിന്തുണയും തേടിയ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു മുതൽ പ്രചരണത്തിന് തുടക്കമിടുകയാണ്. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി.സരിന് ഇന്നലെ വലിയ വരവേൽപ്പ് ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയതിന് പിന്നാലെ ഇന്ന് വൈകീട്ട് നാലിന് നഗരത്തിൽ റോഡ്‌ഷോ നടത്താനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ സ്ഥാനാർത്ഥിയെ മാസായി അവതരിപ്പിക്കാനാണ് പാർട്ടി ശ്രമം. സ്ഥാനാർത്ഥിയുടെ സാദ്ധ്യത നോക്കിയശേഷം പ്രവർത്തനത്തിന് ഇറങ്ങാനാണ് ആർ.എസ്.എസ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |