
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് റെയിൽവേ കണക്ടിവിറ്റി 2029ൽ യാഥാർത്ഥ്യമാവുമെന്ന് തുറമുഖ കമ്പനിയായ വിസിലിന്റെ സി.ഇ.ഒ ശ്രീകുമാർ കെ.നായർ. വിഴിഞ്ഞത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാൻ ഇത് അനിവാര്യമാണെന്ന് വിഴിഞ്ഞം കോൺക്ലേവിലെ പാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
തുറമുഖത്തിന്റെ പ്രധാന വ്യവസായം (മദർ ഇൻഡസ്ട്രി) എന്തായിരിക്കണമെന്ന് ഉടൻ തീരുമാനിക്കണമെന്ന് നയാരാ എനർജി ചെയർമാൻ പ്രസാദ് കെ. പണിക്കർ പറഞ്ഞു. സിംഗപ്പൂർ, റോട്ടർഡാം തുറമുഖങ്ങളുടെ വളർച്ചയ്ക്ക് നിദാനമായത് പെട്രോകെമിക്കൽ വ്യവസായമാണ്. ഷാങ്ഹായ് വികസനത്തിൽ നിർണായകമായത് ഇലക്‌ട്രോണിക്‌സാണ്. ബാറ്ററി, സോളാർ പാനൽ തുടങ്ങിയ പുതിയ ഊർജ പദ്ധതികളുടെ സാദ്ധ്യത തേടണമെന്നും അദ്ദേഹം പറഞ്ഞു.
2040ൽ ലോകത്തെ മികച്ച തുറമുഖമാകാനൊരുങ്ങുന്ന സിംഗപ്പൂരിനൊപ്പം വിഴിഞ്ഞത്തിനും ആ നിലയിലേക്കുയരാനാവുമെന്ന് എ.വി.ടി മക്കോർമിക് എം.ഡി സുഷമ ശ്രീകണ്ഠത്ത് വ്യക്തമാക്കി. വിഴിഞ്ഞത്തേക്കുള്ള ചരക്ക് നീക്കത്തിന് കൃത്യമായ ട്രാൻസിറ്റ് പ്ലാൻ തയ്യാറാക്കിയാൽ വ്യവസായികൾക്ക് ഗുണകരമായിരിക്കും. ഉറവിടത്തിൽ നിന്ന് വിഴിഞ്ഞത്തേക്ക് ഉത്പന്നങ്ങളെത്തിക്കാൻ റോഡ്, റെയിൽ സംവിധാനമൊരുക്കണം. പ്രാദേശിക സംരംഭങ്ങളെ കയറ്റുമതിക്ക് പ്രാപ്തരാക്കാനും ലോകവിപണിയിൽ ഇടംനേടിക്കൊടുക്കാനും തുറമുഖത്തിന് കഴിയുമെന്നും പറഞ്ഞു. ആദിത്യ ബിർള ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ബിനോയ്. ബി, സിന്തൈറ്റ് എം.ഡി ഡോ.വിജു ജേക്കബ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |