SignIn
Kerala Kaumudi Online
Thursday, 22 October 2026 6.41 PM IST

വിഴിഞ്ഞം ഏറ്റവും വലിയ തുറമുഖമാകും: മന്ത്രി ബാലഗോപാൽ, വികസനത്തിനായി എല്ലാവരും ഒന്നിച്ചുനിൽക്കണം: മന്ത്രി രാജീവ്

READ ENGLISH VERSION
dd

തിരുവനന്തപുരം: പത്തുവർഷത്തിനകം വിഴിഞ്ഞം രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര തുറമുഖമാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ആഗോള തുറമുഖ വാണിജ്യ, വ്യാപാരമേഖലയിൽ ഇന്ത്യയ്ക്ക് മേൽക്കൈ നേടാൻ അതുവഴി സാധിക്കും. നിലവിലെ ആഗോള വ്യാപാര രീതികൾ മാറ്റിമറിക്കുന്നതാവും വിഴിഞ്ഞം. ഇതുവഴി കേരളവും ആഗോള വ്യാവസായിക ഹബാവും. പരിസ്ഥിതി സൗഹാർദ്ദ സുസ്ഥിര വികസനത്തിന് വിഴിഞ്ഞം ഉത്തമമാതൃകയായി മാറുമെന്നും മന്ത്രി പറഞ്ഞു. ഹയാത്ത് റീജൻസിയിൽ വിഴിഞ്ഞം കോൺക്ലേവ്- 2025 ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് മദർവെസലുകൾക്കും അൾട്രാലാർജ് കണ്ടെയ്നറുകൾക്കും അടുക്കാനാവും. ലോകത്ത് 53ഓട്ടോമേറ്റഡ് തുറമുഖങ്ങളേയുള്ളൂ. നിലവിലെ ഒരുമില്യൺ കണ്ടെയ്നർ ശേഷി അടുത്തഘട്ടങ്ങൾ പൂർത്തിയാവുന്നതോടെ 6.2മില്യണാവും. അതോടെ ദുബായ്, കൊളംബോ തുറമുഖങ്ങളോട് കിടപിടിക്കുന്നതാവും. കേരളത്തിന് ആഗോളവ്യാപാര മേഖലയിൽ കണക്ടിവിറ്റിയുണ്ടാവും. ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പ്രവേശനത്തിന് വിഴിഞ്ഞം സഹായകമാവും. വിഴിഞ്ഞം ലോജിസ്റ്റിക്ക് പാർക്ക് കേരളത്തിന്റെ ഉത്പാദനക്ഷമത കൂട്ടും. ഇലക്ട്രോണിക്സ്, എജിനിയറിംഗ്, ഭക്ഷ്യോത്പാദനം, ഹരിത ഹൈഡ്രജൻ, ഹരിത അമോണിയ വ്യവസായ ക്ലസ്റ്ററുകൾ, സ്വകാര്യ ലോജിസ്റ്റിക്സ് പാർക്കുകൾ എന്നിവയും വരുമെന്നും മന്ത്രി പറഞ്ഞു.

കേരളം വ്യവസായസൗഹൃദമല്ലെന്നത് പഴങ്കഥയാണെന്നും കേന്ദ്രത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഒന്നാമതാണെന്നും അദ്ധ്യക്ഷനായ മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനായി രാഷ്ട്രീയഭേദമെന്യേ ടീമായി പ്രവർത്തിക്കണം. രാജ്യത്തിന്റെ വിസ്തൃതിയിൽ 1.16ശതമാനവും ജനസംഖ്യയിൽ 2.8ശതമാനവുമുള്ള കേരളമാണ് ജി.ഡി.പിയിൽ 4ശതമാനം സംഭാവന ചെയ്യുന്നത്. രാജ്യത്തിന്റെ പുതിയ കവാടമായി വിഴിഞ്ഞം മാറും. ഭൂമിവിലയും ഭൂമിലഭ്യതയും പ്രശ്നമാണെങ്കിലും നിക്ഷേപക സൗഹൃദഅന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞത്തിന്റെ ടൂറിസം സാദ്ധ്യതകളും പ്രയോജനപ്പെടുത്തണമെന്നും കേരളത്തിന്റെ തനത് ഉത്പന്നങ്ങൾ വിഴിഞ്ഞം വഴി ലോകവിപണിയിലെത്തിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ശശിതരൂർ എം.പി പറഞ്ഞു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, അദാനി പോർട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രണവ് ചൗധരി, കെ.എസ്.ഐ.ഡി.സി എം.ഡി. എസ്. ഹരികിഷോർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ മിർ മുഹമ്മദ്, വിസിൽ എം.ഡി ദിവ്യ എസ്. അയ്യർ, മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, എസ്.ബി.ഐ സി.ജി.എം എ. ഭുവനേശ്വരി, ടി.സി.സി.ഐ പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു. കോൺക്ലേവ് ഇന്നു സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA