
കൊല്ലം: ലൈംഗിക പീഡനത്തെ തുടർന്ന് പതിനൊന്നുകാരി ജീവനൊടുക്കിയ സംഭവത്തിൽ മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ. കുണ്ടറ സ്വദേശിയായ 72 കാരനെയാണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് അഞ്ജു മീര ബിർള ശിക്ഷിച്ചത്.
രണ്ടാം പ്രതിയായ ഇയാളുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മകളുടെ മകളെയാണ് നിരന്തരം പീഡനത്തിനിരയാക്കിയത്. ഇതേത്തുടർന്ന് 2017 ജനുവരി 15നാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ലോക്കൽ പൊലീസ് ആത്മഹത്യയായി എഴുതിത്തള്ളിയ കേസായിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതിയാണ് കൂടുതൽ അന്വേഷണത്തിന് സാഹചര്യമൊരുക്കിയതും പ്രതി പിടിയിലായതും.
അച്ഛനെ പ്രതിയാക്കാൻ ശ്രമം,
കുടുങ്ങിയത് മുത്തച്ഛൻ
വക്കീൽ ഗുമസ്തനായിരുന്ന പ്രതി പിന്നീട് കൊല്ലത്ത് ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്തുവരികയായിരുന്നു. മകളുടെ വീടിന് സമീപമായിരുന്നു താമസം. ഭർത്താവുമായി നിരന്തരം വഴക്കിടാറുള്ള യുവതി മക്കളെ പീഡിപ്പിച്ചെന്ന് കാട്ടി കുണ്ടറ പൊലീസിൽ പരാതി നൽകി. ഇതിന് ശേഷം യുവതിയും മകളും പ്രതിയുടെ വീട്ടിലേക്ക് താമസം മാറി. ഇവിടെ വച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതറിഞ്ഞ യുവതി സ്വന്തം വീട്ടിലേക്ക് മാറി. ഇവിടെ വച്ചും നിരന്തരം പീഡിപ്പിച്ചു. സഹികെട്ട് പതിനൊന്നുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ചു. പിതാവ് മരണ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുണ്ടറ പൊലീസിനെ സമീപിച്ചെങ്കിലും ആത്മഹത്യയാക്കി കേസ് ഒതുക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ പിതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. തുടർന്ന് റൂറൽ എസ്.പി എസ്.സുരേന്ദ്രനും ഡിവൈ.എസ്.പി ബി.കൃഷ്ണകുമാറും നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
പെൺകുട്ടിയുടെ മരണം ആത്മഹത്യയാക്കി മാറ്റാൻ ശ്രമിച്ച കുണ്ടറ സി.ഐ ആർ.ഷാബു, എസ്.ഐ രജീഷ് എന്നിവരെ അന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് റൂറൽ എസ്.പിയും രണ്ട് ഡിവൈ.എസ്.പിമാരുമാണ് കേസ് അന്വേഷിച്ചത്. പോക്സോ വകുപ്പ് പ്രകാരവും ആത്മഹത്യാ പ്രേരണാക്കുറ്റവുമടക്കം ചേർത്താണ് മുത്തച്ഛനെ പ്രതിയാക്കിയത്. പ്രതിയുടെ ഭാര്യയ്ക്കും പീഡന വിവരം അറിയാമായിരുന്നുവെന്ന് മനഃശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോൾ മരിച്ച പെൺകുട്ടിയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |