
കൊച്ചി: സംരക്ഷണ പദ്ധതിക്കിടെ 10 വർഷം കൊണ്ട് പശ്ചമിഘട്ടത്തിന് നഷ്ടമായത് 58.22 ചതുരശ്ര കിലോമീറ്റർ വനം. ജനവാസമേഖലയോട് ചേർന്ന വനമാണ് ആറു സംസ്ഥാനങ്ങളിൽ കുറഞ്ഞത്. കേരളത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ 165.86 ചതുരശ്ര കിലോമീറ്റർ കുറഞ്ഞപ്പോൾ ഒമ്പത് ജില്ലകളിലായി 323.8 ചതുരശ്ര കിലോമീറ്റർ വർദ്ധിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 10 വർഷത്തിനിടെ പശ്ചിമഘട്ടത്തിലെ നിബിഡവനം 3,465.10 ചതുരശ്ര കിലോമീറ്റർ വർദ്ധിച്ചു. തോട്ടങ്ങളുൾപ്പെടുന്ന ഇടത്തരം വനമേഖലയ്‌ക്ക് 1,043.23ഉം തുറന്ന വനമേഖലയ്‌ക്ക് 2,480.11ഉം ചതുരശ്ര കിലോമീറ്റർ വീതം നഷ്‌ടമായി.
നീളുന്ന പരിസ്ഥിതിലോല മേഖല പ്രഖ്യാപനം
പശ്ചിമഘട്ട സംരക്ഷണത്തിന് 1,29,037 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് പ്രൊഫ. മാധവ് ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. ആറു സംസ്ഥാനങ്ങളിലുള്ള 142 താലൂക്കുകളിലായാണ് ഇതുള്ളത്. 2011 ആഗസ്റ്റിലായിരുന്നു ഗാഡ്ഗിലിന്റെ ശുപാർശ. റിപ്പോർട്ടിനെതിരെ പ്രതിഷേധം ശക്തമായതോടെ പ്രൊഫ. കസ്‌തൂരി രംഗൻ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. 59,940 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയാൽ മതിയെന്ന് 2012 ഫെബ്രുവരിയിൽ കസ്‌തൂരി രംഗൻ കമ്മിറ്റി നിർദ്ദേശിച്ചു. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങളും പരിഗണിച്ച് 56,825 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാൻ 2014 ഫെബ്രുരി 10ന് കരട് തയ്യാറാക്കിയെങ്കിലും അന്തിമ വിജ്ഞാപനമിറക്കിയില്ല.
കേരളത്തിലെ വനവിസ്‌തൃതി
(ജില്ല................................2013.....................................2023......................വ്യത്യാസം)
ഇടുക്കി........................3,424.99...............................3,327.05...............................97.94
കണ്ണൂർ...........................254.13..................................271.79...............................17.66
കൊല്ലം...........................789.58..................................803.32...............................13.74
കോട്ടയം...........................93.41..................................108.45...............................15.04
കോഴിക്കോട്..................329.05..................................453.26...............................124.21
മലപ്പുറം...........................753.42..................................853.40................................99.98
പാലക്കാട്.....................1,278.21...............................1,299.14................................20.93
പത്തനംതിട്ട.................1,369.92...............................1,378.33..................................8.41
തിരുവനന്തപുരം............523.37..................................526.78.................................3.41
തൃശൂർ..............................570.19...................................590.61................................20.42
വയനാട്............................842.76..................................774.84.................................67.92
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |