
കൊല്ലം: വസ്തു അളന്നുതിരിക്കാൻ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊല്ലം താലൂക്ക് സർവേയർ പവിത്രേശ്വരം സ്വദേശി അനിൽകുമാർ വിജിലൻസ് പിടിയിലായി. കൊല്ലം അഞ്ചൽ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ മുളവനയിലുള്ള രണ്ടര സെന്റ് വസ്തു അളന്നുതിരിക്കുന്നതിന് കൊല്ലം താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
താലൂക്ക് സർവേയറായ അനിൽകുമാറിനെ പല പ്രാവശ്യം നേരിൽ കണ്ടിട്ടും വസ്തു അളക്കാൻ തയ്യാറായില്ല. കഴിഞ്ഞ 15ന് സർവേയറെ വീണ്ടും കണ്ടപ്പോൾ 3,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരൻ വിവരം കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി എസ്.സാനിയെ അറിയിച്ചു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചുവരവേ ഇന്നലെ രാവിലെ 11.30 ഓടെ അനിൽകുമാർ വസ്തു അളക്കാനെത്തി.
അളന്ന ശേഷം അവിടെവച്ചുതന്നെ 3,000 രൂപ കൈക്കൂലി വാങ്ങവേ അനിൽ കുമാറിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. ഇയാളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഡിവൈ.എസ്.പിക്ക് പുറമേ ഇൻസ്പെക്ടർമാരായ ജയകുമാർ, ജസ്റ്റിൻ ജോൺ, ജോഷി, ഗ്രേഡ് എസ്.ഐമാരായ അനിൽകുമാർ, അജിത്ത്കുമാർ, ശശികുമാർ, സുൽഫി, ഗ്രേഡ് എ.എസ്.ഐമാരായ ഷിബു സക്കറിയ, ഷാജി, ദേവപാൽ, സി.പി.ഒമാരായ വിനീത്, ഗോപകുമാർ, ദീപൻ, സുരേഷ്, ശരത്ത്കുമാർ, വനിത സി.പി.ഒമാരായ അമ്പിളി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതേസമയം ഇൻസ്പെക്ടർ അനിൽകുമാർ, ഗ്രേഡ് എസ്.ഐമാരായ ഹരികുമാർ, റഷാദ്, വനിത എ.എസ്.ഐ ഷൈലജ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അനിൽകുമാറിന്റെ വീടും നിരീക്ഷിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |