SignIn
Kerala Kaumudi Online
Thursday, 22 October 2026 8.56 PM IST

പൊലീസിനെ വളഞ്ഞ് പ്രതിയെ മോചിപ്പിച്ച  കേസിൽ സി.പി.എമ്മുകാരൻ അറസ്റ്റിൽ

linesh

തലശ്ശേരി: ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ സംഘർഷം നിയന്ത്രിക്കാനെത്തിയ എസ്.ഐയെ ആക്രമിച്ചതിന് പിടിയിലായ സി.പി.എം പ്രവർത്തകനെ ബലമായി മോചിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പെരിങ്ങളം സ്വദേശി ലിനീഷാണ് അറസ്റ്റിലായത്. കസ്റ്റഡിയിൽ നിന്ന് പാർട്ടിക്കാർ മോചിപ്പിച്ച ദിപിൻ രവീന്ദ്രൻ ഒളിവിലാണ്.

ബുധനാഴ്ച രാത്രിയിലെ സംഘർഷത്തിലാണ് എസ്.ഐ ടി.കെ. അഖിൽ അടക്കമുള്ള പൊലീസുകാരെ സി.പി.എമ്മുകാർ ആക്രമിച്ചത്.ഇതിലെ പ്രതിയായ ദിപിൻ രവീന്ദ്രനെ വ്യാഴാഴ്ചയാണ് ഉത്സവ സ്ഥലത്തുനിന്ന് വനിതാ എസ്.ഐ വി.വി.ദീപ്തിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റിയത്.ഉടനെ സി.പി.എം പ്രവർത്തകർ ജീപ്പ് വളയുകയും ക്ഷേത്ര ഗേറ്റ് പൂട്ടി പൊലീസിനെ ബന്ദിയാക്കുകയും ചെയ്തു. തുടർന്ന് ജീപ്പിൽ നിന്ന് ദീപിനെ ബലമായി മോചിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു.

ബുധനാഴ്ച പൊലീസിനെ ആക്രമിച്ചത് സി.പി.എം പ്രവർത്തകരായ ദിവിൻ രവീന്ദ്രൻ,​ ജോഷിത്ത്, ഷിജിൽ, ചാലി വിപിൻ, സിനീഷ് രാജ്, സന്ദേശ് പ്രദീപ്, ഷിബിൻ എന്നിവരും കണ്ടാലറിയാവുന്ന ഒരു സംഘവുമാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഈ സംഭവത്തിൽ 53പേർക്കെതിരെയും പ്രതിയെ ബലമായി മാേചിപ്പിച്ചതിന് 23 പേർക്കെതിരെയും കേസെടുത്തു.

ഉത്സവപ്പറമ്പിൽ സ്ത്രീകളും കുട്ടുകളുമുൾപ്പെടെ നൂറുകണക്കിനാളുകൾ ഉണ്ടായിരുന്നതിനാൽ സുരക്ഷ മുൻനിർത്തി അക്രമികൾക്കെതിരെ നടപടിയെടുത്തില്ലെന്നാണ് പൊലീസ് പറയുന്നത്. ഉത്സവച്ചടങ്ങിനിടെ പൊലീസ് അനാവശ്യമായി ഇടപെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് തലശ്ശേരി നഗരസഭാ കൗൺസിലറും ആഘോഷക്കമ്മിറ്റി കൺവീനറുമായ സി.ഗോപാലന്റെ വിശദീകരണം.ഉത്സവം വ്യാഴാഴ്ച വൈകിട്ടാണ് സമാപിച്ചത്.

എസ്.ഐയുടെ കോളറിൽ പിടിച്ചു;

കേരളം ഭരിക്കുന്നത് ഞങ്ങൾ

ഇല്ലത്ത് താഴെ മണോളിക്കാവിൽ തമ്പുരാട്ടിയെയും ചോമപ്പൻ തെയ്യത്തെയും കാവിൽ കയറ്റുന്നതിനിടെ സി.പി.എം പ്രവർത്തകർ ഇൻക്വിലാബ് മുഴക്കിയതിനെ ചൊല്ലിയാണ് ബുധനാഴ്ച അർദ്ധരാത്രിയോടെ സംഘർഷം ഉടലെടുത്തത്. ബി.ജെ.പി പ്രവർത്തകർ ഇത് ചോദ്യംചെയ്തതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലിലെത്തി.

സംഘർഷം തടയാൻ എത്തിയ എസ്.ഐ ടി.കെ. അഖിലിന്റെ കോളറിൽ ദിപിൻ പിടിച്ചു വലിക്കുകയും ജോഷിത്ത് കഴുത്തിന് പിടിച്ച് അമർത്തുകയും ചെയ്‌തു.എസ്.ഐയെ കൈയേറ്റം ചെയ്യുന്നത് തടയാൻ ശ്രമിച്ച പൊലീസുകാരെ സംഘം ചേർന്ന് മർദിച്ചുവെന്നും എഫ്. ഐ.ആറിലുണ്ട്.

# കേരളം ഭരിക്കുന്നത് ഞങ്ങളാണെന്നും ,​പൊലീസ് കാവിൽ കയറി കളിക്കേണ്ടെന്നും കളിക്കാൻ നിന്നാൽ ഒരൊറ്റയെണ്ണം തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ഉണ്ടാവില്ലെന്നും ആക്രോശിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA