
പീരുമേട്: മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിനിടെ ചാടിവീണ കടുവ ദൗത്യസംഘത്തിന്റെ വെടിയേറ്റ് ചത്തു. ഇടുക്കി വണ്ടിപ്പെരിയാർ അരണക്കൽ തേയിലത്തോട്ടത്തിൽ വച്ചാണ് കടുവ ദൗത്യസംഘാംഗങ്ങൾക്കു നേരെ ചാടിവീണത്. കാലിനു പരിക്കേറ്റ കടുവയെ മയക്കുവെടി വച്ച് പിടികൂടി ചികിത്സിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ഇന്നലെ രാവിലെ പതിനൊന്നോടെ മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് കടുവ ചാടിവീണത്. ഫോറസ്റ്റ് ജീവനക്കാരൻ മനുവിന്റെ ഹെൽമറ്റിലും കൈയിലിരുന്ന ഷീൽഡിലും കടുവ അടിച്ചു. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണകാരിയായ കടുവയെ വെറ്ററിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘം സ്വയംരക്ഷാർത്ഥം വെടിവയ്ക്കുകയായിരുന്നു. മൂന്നുതവണ വെടിയുതിർത്തു.
കടുവയുടെ ജഡം തേക്കടിയിലെത്തിച്ചു. ഇന്ന് പോസ്റ്റുമോർട്ടം നടത്തിയേക്കും. അരണക്കല്ല് എസ്റ്റേറ്റിലെ വളർത്തുമൃഗങ്ങളെ തിങ്കളാഴ്ച പുലർച്ച രണ്ടു മണിയോടെ കടുവ ആക്രമിച്ചുകൊന്നിരുന്നു. കടുവ ആഴ്ചകളായി പ്രദേശത്തുതന്നെ തമ്പടിച്ചിരുന്നതിനാൽ ജനം ഭീതിയിലായിരുന്നു.
'വെടിവച്ചത് ആത്മരക്ഷാർത്ഥം'
കടുവയെ വെടിവച്ചത് ആത്മരക്ഷാർത്ഥമാണെന്ന് കോട്ടയം ഡി എഫ് ഒ എൻ.രാജേഷ് പറഞ്ഞു.
15 മീറ്റർ മാത്രം അകലെ നിന്നാണ് വെടിവച്ചത്. തങ്ങളുടെ ജീവൻ പണയം വച്ചാണ് കടുവയെ പിടികൂടാൻ ശ്രമിച്ചത്. ആദ്യ മയക്കുവെടി ഏറ്റില്ല, രണ്ടാമത് വീണ്ടും വച്ചു അത് കൊണ്ടതോടെ കടുവ ഡോക്ടർക്ക് നേരേ പാഞ്ഞടുക്കുകയായിരുന്നു. ആതോടെ ആത്മരക്ഷാർത്ഥം വെടിവയ്ക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |