
കൊൽക്കത്ത: ബംഗാളി ഭാഷയിൽ ഗവർണറുടെ നയപ്രഖ്യാപനം. കേന്ദ്രത്തിനെതിരായ രാഷ്ട്രീയ പരാമർശങ്ങൾ ഒഴിവാക്കിയും പ്രതിപക്ഷത്തിന്റെ ഭാഗം ക്ഷമയോടെ കേട്ടും നയം വ്യക്തമാക്കി സി.വി ആനന്ദബോസ്. പ്രതിഷേധമുയർത്തിയെങ്കിലും സഭ ബഹിഷ്കരിക്കാതെ പ്രതിപക്ഷം. പലതു കൊണ്ടും ബംഗാൾ നിയമസഭയിൽ ഇത് ചരിത്രനിമിഷം.
മമത സർക്കാരുമായുള്ള ഏറ്റുമുട്ടലിനിടയിൽ ഗവർണറുടെ നയപഖ്യാപനമില്ലാതെയാണ് കഴിഞ്ഞ വർഷം ബഡ്ജറ്റ് സമ്മേളനം തുടങ്ങിയത്. ഇക്കൊല്ലം മുഖ്യമന്ത്രിയും സ്പീക്കറും നയപ്രഖ്യാപനത്തിന് ഗവർണറെ നേരിട്ട് ക്ഷണിച്ചു.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ കേന്ദ്രത്തിനെതിരായ രാഷ്ട്രീയ വിമർശനങ്ങളിൽ ചിലത് വായ്ക്കാനാവില്ലെന്ന ഗവർണറുടെ നിലപാട് ഉൾക്കൊണ്ട് ആ ഭാഗം സർക്കാർ തന്നെ ഒഴിവാക്കിയാണ് പ്രസംഗത്തിന് അന്തിമരൂപം നൽകിയത്.സഭാങ്കണത്തിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും ഊഷ്മളമായി സ്വീകരിച്ചു. ഗവർണർ ആനന്ദബോസ് ബംഗാളിയിൽ പ്രസംഗം തുടങ്ങിയതോടെ സഭാന്തരീക്ഷം ഒന്നുകൂടി വിസ്മയത്തിലാണ്ടു. ഇടയ്ക്ക് പ്രതിപക്ഷം പ്രതിഷേധസ്വരമുയർത്തിയപ്പോൾ പ്രസംഗവായന നിർത്തി അവരെ കേൾക്കാൻ അദ്ദേഹം തയ്യാറായി. ഗവർണറായി സത്യപ്രജ്ഞ ചെയ്തയുടൻ വിദ്യാരംഭദിനത്തിൽ മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ ഒരു കുട്ടിയിൽ നിന്ന് ബംഗാളി ഭാഷ പഠിക്കാൻ തുടങ്ങിയ മലയാളിയായ ആനന്ദബോസ് സംസ്ഥാനത്ത് സർവകലാശാല ബിരുദദാന സമ്മേളനമടക്കം പല സന്ദർഭങ്ങളിലായി നടത്തിയ ഇരുപത്തൊന്നാം ബംഗാളി പ്രസംഗമാണ് ഇന്നലെ നിയമസഭയിൽ കേട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |