
കൊച്ചി: 30 വർഷം എം.എൽ.എയായിരുന്നിട്ടും പ്രകോപനത്തിന് എളുപ്പത്തിൽ വശംവദനാകുന്ന പി.സി. ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയനേതാവ് സമൂഹത്തിന്റെ റോൾ മോഡലാകേണ്ടവരാണെന്നും കോടതി പറഞ്ഞു. ചാനൽചർച്ചയിൽ മുസ്ലീംവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജോർജിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.
മതവിദ്വേഷ പരാമർശങ്ങളും അധിക്ഷേപങ്ങളും മുൻനിറുത്തി ഹർജിക്കാരനെതിരെ മുമ്പ് പല കേസുകളും നിലവിലുണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ക്രിമിനൽ മനോഭാവം കാണിക്കുന്നതാണ്. പ്രകോപന പരാമർശങ്ങൾ പാടില്ലെന്ന് 2022ലെ കേസിൽ ജാമ്യം അനുവദിച്ചു കൊണ്ട് ഹൈക്കോടതി വ്യവസ്ഥ വച്ചിരുന്നു. എന്നാൽ ഇത് പലതവണ ലംഘിക്കപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ജോർജിന് മുൻകൂർ ജാമ്യം നിഷേധിച്ചത്.പ്രതിയെ കസ്റ്റഡിലെടുത്ത് ചോദ്യംചെയ്യേണ്ടതില്ലെന്ന സാഹചര്യവും ആരോപിക്കുന്ന കുറ്റങ്ങൾ 7 വർഷത്തിൽ താഴെ തടവുശിക്ഷ കിട്ടാവുന്നവയാണെന്ന വാദവും ജാമ്യഹർജികളിൽ എല്ലായ്പ്പോഴും പരിഗണയ്ക്കെടുക്കാനാവില്ല. ആരോപണത്തിന്റെ ഗൗരവവും പ്രതി മുമ്പുചെയ്ത കുറ്റകൃത്യങ്ങളും കണക്കിലെടുക്കാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹർജിക്കാരന് മുൻകൂർജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശമാകും. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാലും കുഴപ്പമില്ലെന്ന വ്യാഖ്യാനമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
ജയിൽശിക്ഷ
നിർബന്ധമാക്കണം
വിദ്വേഷ പരാമർശങ്ങളിൽ ജയിൽശിക്ഷ ഉറപ്പാക്കുന്ന നിയമനിർമ്മാണംനിയമകമ്മിഷനും പാർലമെന്റും പരിഗണിക്കണമെന്ന് ഹൈക്കോടതി ആവർത്തിച്ചു. ഈ കേസിലെ ഉത്തരവിന്റെ പകർപ്പ് നിയമകമ്മിഷനും പാർലമെന്റിനും കൈമാറണമെന്നും രജിസ്ട്രിയോട് നിർദ്ദേശിച്ചു. നിലവിൽ പരമാവധി ശിക്ഷ 3വർഷം തടവും പിഴയുമാണ്. കുറഞ്ഞ ശിക്ഷ പിഴയൊടുക്കലാണ്. കുറ്റം ആവർത്തിക്കുന്നവർപോലും പിഴ നൽകി രക്ഷപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |