
കോഴിക്കോട്: കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ തീരുമാനത്തിനൊപ്പം ഇടതു മുന്നണിയും. കഴിഞ്ഞ ദിവസം ചേർന്ന ഇടതു മുന്നണി യോഗത്തിൽ സി.പി.ഐ അടക്കം എതിർപ്പുയർത്തിയെങ്കിലും കിഫ്ബിയെ സംരക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കൊപ്പം നിൽക്കാനാണ് തീരുമാനം.
ഇടത് മുന്നണി യോഗം ചേർന്നത് ടോൾ പിരിവ് സംബന്ധിച്ച് ചർച്ച ചെയ്യാനല്ലെന്നും, എന്നാൽ ഇത് സംബന്ധിച്ച് നയപരമായ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ കേരള കൗമുദിയോട് പറഞ്ഞു.കേരളത്തിന്റെ വികസന കാര്യത്തിൽ കിഫ്ബി ഫണ്ട് നിർണായകമാണ്. കിഫ്ബിയെ തകർക്കാനുള്ള നടപടികളൊന്നും സർക്കാരിന്റേയും ഇടത് മുന്നണിയുടേയും ഭാഗത്ത് നിന്നുണ്ടാവില്ല. കിഫ്ബി വഴി വൻകിട പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ ഫണ്ട് അത്യാവശ്യമാണ്. അത്തരത്തിൽ ഫണ്ട് കണ്ടെത്തണമെങ്കിൽ ടോൾ പിരിവ് പോലുള്ള കാര്യങ്ങളിൽ നിന്ന് പിറകോട്ട് പോകാനാവില്ല. എന്നാൽ അതൊന്നും സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കാത്ത രീതിയിലാവും.
ഇതു സംബന്ധിച്ച് പാർട്ടിയും മുന്നണിയും രണ്ട് തട്ടിലല്ല. കാര്യങ്ങളെല്ലാം ചർച്ച ചെയ്താണ് മുന്നോട്ട് പോകുന്നത്. ടോൾ പിരിവ് സംബന്ധിച്ച് വിശദമായ ചർച്ചകളും പഠനങ്ങളുമുണ്ടാവും. അതനുസരിച്ചേ സർക്കാർ തീരുമാനത്തിലെത്തുകയുള്ളൂ. ആർക്കും ആശങ്ക വേണ്ടെന്നും ടി.പി.പറഞ്ഞു.
കഴിഞ്ഞ ദിവസം എം.എൻ.സ്മാരകത്തിൽ ചേർന്ന യോഗത്തിൽ, ടോൾ,പിരിവ് ജനങ്ങളിൽ വലിയ എതിർപ്പുണ്ടാക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പടക്കം പടിവാതിക്കൽ നിൽക്കുമ്പോൾ മുന്നണിയുടെ വിജയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും സി.പി.ഐ നിലപാടെടുത്തിരുന്നു. എങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും കിഫ്ബിയുടെ മുന്നോട്ടു പോക്കും കണക്കിലെടുത്ത് ടോൾ പിരിവിന് അനുമതി നൽകണമെന്ന നിലപാടിലേക്ക് കാര്യങ്ങളെത്തി. അതിന് അനുമതി നൽകാമെന്ന നിലപാടെടുത്താണ് യോഗം പിരിഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് പച്ചക്കൊടി കാട്ടി സർക്കുലർ പുറത്തിറക്കിയത്. പ്രത്യക്ഷമായ ഒരെതിർപ്പും മറ്റ് ഘടകകക്ഷികളിൽ നിന്നും ഉണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |