SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

കേസിൽ പ്രതിയായ യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ

vimalkumar

വർക്കല: അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ആരോപണ വിധേയനായ യുവാവിനെ വർക്കലയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം അതിയന്നൂർ വെള്ളരിപറമ്പിൽ വീട്ടിൽ വിമൽകുമാർ (37)ആണ് മരിച്ചത്. ആറ്റിങ്ങൽ സൂര്യ ബാറിലെ ജീവനക്കാരനാണ്.
ഫെബ്രുവരി 11ന് തിരുവനന്തപുരത്തുനിന്നു ആറ്റിങ്ങലിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കവേ മോശമായി പെരുമാറിയെന്ന് അഭിഭാഷക നൽകിയ പരാതിൽ മംഗലപുരം പൊലീസ് കേസെടുത്തിരുന്നു.

ബസിലെ യാത്രയ്ക്കിടെ പകർത്തിയ വിമൽകുമാറിന്റെ ചിത്രം ഉൾപ്പെടെയാണ് അഭിഭാഷക പൊലീസിന് പരാതി നൽകിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിൽ നിന്നാണ് വിമൽകുമാറിനെ പൊലീസ് തിരിച്ചറിഞ്ഞത്. സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. കടുത്ത മാനസിക വിഷമത്തിലായ വിമൽകുമാറിനെ ഇതിന് ശേഷമാണ് കാണാതായത്. വിമൽകുമാറിനെക്കുറിച്ച് യാതൊരു പരാതിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നിരപരാധിയാണെന്ന് വീട്ടുകാരും പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കുടുംബം വിമൽകുമാറിനെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഒഫ് ആയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഭാര്യ അഞ്ജുവിനെ ഫോണിൽ വിളിച്ച് തനിക്ക് ബി.പി കൂടുതലാണെന്നും ഡോക്ടറെ കാണണമെന്നും പറഞ്ഞിരുന്നു. അങ്ങോട്ട് വിളിച്ചെങ്കിലും ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല .ഫെബ്രുവരി 28നാണ് ലോഡ്ജിൽ മുറി എടുത്തത്. പുറത്തു പോകുന്നത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ തട്ടി വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ വർക്കല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കട്ടിലിന് സമീപം നിലത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു .

ഹൃദയസ്തംഭനമാണ് മരണകാരണമായി പൊലീസ് പറയുന്നത്. ആത്മഹത്യ ശ്രമം നടത്തിയതിന് തെളിവ് ഇല്ലാത്തതിനാൽ കടുത്ത മനസികസമ്മർദ്ദമായിരിക്കും മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. വളരെനാളായി തിരുവനന്തപുരം ജഗതി കണ്ണേറ്റ്മുക്കിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു വിമൽകുമാറും കുടുംബവും. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കുടുംബ വീട്ടിൽ പൊതുദർശനം നടത്തി . വൈകിട്ടോടെ മാറനല്ലൂർ വൈദ്യുത ശ്മശാനത്തിൽ സംസ്‌കരിച്ചു. പിതാവ്: വിജയകുമാരൻ നായർ, മാതാവ് : വസന്തകുമാരി. ഭാര്യ: അഞ്ജു. മക്കൾ:ദേവനന്ദ , ശിവദേവ് .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA