SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.11 AM IST

നിറുത്തിയിട്ട തടിലോറിയിൽ സിമന്റ് ബൾക്കർ ഇടിച്ച് തീപിടുത്തം; രണ്ടുപേർക്ക് ദാരുണാന്ത്യം

ph1

പഴയങ്ങാടി(കണ്ണൂർ) : നിറുത്തിയിട്ട, തടികയറ്റിയ ലോറിയിൽ സിമൻ്റ് ബൾക്കർ ലോറി ഇടിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട് മാവുങ്കാലിലെ ഭാരത് ബെൻസ് ഷോറൂമിലെ മെക്കാനിക്ക് പാലക്കാട് ഒറ്റപ്പാലം സ്വദേശി ഇ.വി.മുഹമ്മദ് ഷിബിൽ(22) ലോറിക്കകത്ത് വെന്തുമരിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മറ്റൊരു മെക്കാനിക്ക് കാഞ്ഞങ്ങാട് മാവുങ്കാൽ മൂലക്കണ്ടത്തെ ഇബിനെസർ ആൻ്റോയെ (24) പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിലാത്തറ-മണ്ടൂർ കെ.എസ്.ടി.പി. റോഡിൽ മണ്ടൂർ വലിയ ജുമാഅത്ത് പള്ളിക്ക് മുൻവശം ഇന്നലെ പുലർച്ചെ 3.25-ഓടെയായിരുന്നു ദുരന്തം.

പഴയങ്ങാടി ഭാഗത്ത് നിന്ന് തടിയുമായെത്തിയ ലോറി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ക്ളച്ച് തകരാറായപ്പോൾ റോഡരികിൽ നിറുത്തിയിട്ടത്. കാഞ്ഞങ്ങാട് ഭാരത് ബെൻസിലെ ജീവനക്കാരെത്തി അറ്റകുറ്റപണി ചെയ്യുന്നതിനിടെ പിലാത്തറ ഭാഗത്തു നിന്നും അതിവേഗത്തിലെത്തിയ ടി.എൻ 48 എ.വി 5199 നമ്പർ മിക്‌സർ ലോറി, ക്യാബിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഈ ലോറിയിൽ അൻപത് ടൺ സിമന്റ് ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ലോറികളുടെയും ക്യാബിനുകളിൽ തീ പടർന്നുപിടിച്ചു. ഒരു മണിക്കൂറോളം തീപിടിത്തം തുടർന്നു. പരിയാരം പൊലീസും ഫയർഫോഴ്‌സും കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും മണിക്കൂറുകൾക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ലോറിയിൽ കുടുങ്ങിക്കിടന്ന മുഹമ്മദ് ഷിബിലിന്റെ മൃതദേഹം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. മിക്സർ ലോറി ഡ്രൈവർ ഇടുക്കി സ്വദേശി വിമലിനെ (26) ചെറിയ പരിക്കുകളോടെ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

തകരാറിലായ ലോറിയുടെ ഉടമ ചീമേനിയിലെ സുബൈറിന്റെ കാറിനും അപകടത്തിൽ നാശനഷ്ടമുണ്ടായി. ലോറിക്ക് പിറകിൽ നിറുത്തിയിട്ട നിലയിലായിരുന്നു ഉടമയുടെ കാർ. അപകടത്തെ തുടർന്ന് റോഡിലൂടെയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. അപകടത്തിൽ തൊട്ടടുത്തുള്ള മുസ്ലീം പള്ളിയുടെ മതിലും തകർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA