
നെയ്യാറ്റിൻകര: ഡോ. ഡി. സെൽവരാജനെ നെയ്യാറ്റിൻകര രൂപതയുടെ പിന്തുടർച്ചാവകാശമുള്ള ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നിലവിലെ ബിഷപ്പ് വിൻസന്റ് സാമുവലിന്റെ കാലാവധി തീരുന്ന മുറയ്ക്കാണ് ഡോ. ഡി.സെൽവരാജൻ ചുമതലയേൽക്കുക. നിലവിൽ നെയ്യാറ്റിൻകര റീജിയണൽ കോ-ഓർഡിനേറ്ററും രൂപതയുടെ ജൂഡിഷ്യൽ വികാറുമാണ് .
വലിയവിള ക്രൈസ്റ്റ് ദ കിംഗ് ഇടവകാംഗമായ സെൽവരാജൻ വലിയവിള വെങ്കടമ്പ് ഒറ്റപ്ലാവിള ഡി.എം സദനത്തിൽ ദാസന്റെയും മുത്തമ്മയുടെയും ആറു മക്കളിൽ രണ്ടാമനാണ്. 1978 ജൂൺ 11 ന് പാളയം സെന്റ് വിൻസെന്റ് സെമിനാരിയിൽ വൈദിക പരിശീലനത്തിനു ചേർന്നു.
കർമലഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദമെടുത്തു .തുടർന്ന് മോൺ. മാർക്ക് നെറ്റോയിൽ നിന്ന് സഭാവസ്ത്രം സ്വീകരിച്ചു. മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ ദൈവശാസ്ത്രം പൂർത്തീകരിച്ചു.
തിരുവനന്തപുരം സെന്റ് ജോസഫ് കത്തീഡ്രലിൽ വച്ച് ജേക്കബ് അച്ചാരുപറമ്പിൽ നിന്ന് ഡീക്കൻ പട്ടം സ്വീകരിച്ചു. 1987 ഡിസംബർ 23 ന് ജേക്കബ് അച്ചാരുപറമ്പിൽ നിന്നാണ് പൗരോഹിത്യവും സ്വീകരിച്ചത്. 2000ൽ ബെൽജിയത്തിലെ ലുവൈൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻനിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. നിലവിൽ പത്തനാവിള സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക വികാരിയാണ്. 2007 മുതൽ മെത്രാന്റെ ഉപദേശക സമിതി അംഗമായും 2008 മുതൽ രൂപത ചാൻസലറായും 2011 മുതൽ രൂപതയുടെ ജുഡിഷ്യൽ വികാറായും സേവനം അനുഷ്ഠിച്ചുവരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |