
കൊച്ചി: സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ കോടതിഅലക്ഷ്യ ഹജിയുമായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോക്. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കൊച്ചി ബെഞ്ചിലാണ് ഹർജി ഫയൽ ചെയ്തത്.
സിവിൽ സർവീസ് ബോർഡ് വിളിച്ചു ചേർക്കാതെയും ശുപാർശകൾ പരിഗണിക്കാതെയും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും നടത്തരുതെന്ന ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ചീഫ്സെക്രട്ടറി ലംഘിച്ചെന്നാണ് ആരോപണം. ബോർഡ് വിളിച്ചു ചേർക്കാതെയാണ് തന്നെ തദ്ദേശ ഭരണപരിഷ്കരണ കമ്മിഷന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മാറ്റി ഉത്തരവിറക്കിയതെന്ന് ഹർജിയിൽ ആരോപിച്ചു. കാർഷികോത്പാദന കമ്മിഷണർ പദവിയിൽ രണ്ടു വർഷം കാലാവധി പൂർത്തിയാകും മുമ്പാണ് ചട്ടം ലംഘിച്ച് ഐ.എ.എസ് കേഡറിന് പുറത്തുള്ള തസ്തികയിലേക്ക് മാറ്റിയത്. ഇത് കോടതിഅലക്ഷ്യമാണെന്നും ചീഫ് സെക്രട്ടറിക്കെതിരെ നിയമനടപടി വണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
അശോകിന്റെ ഹർജിയിൽ ട്രൈബ്യൂണൽ നേരത്തേ സ്ഥലംമാറ്രം താത്കാലികമായി തടഞ്ഞിരുന്നു.
ഫ്ളക്സ്: വകുപ്പുതല നടപടി
ആവശ്യമില്ലെന്ന് സർക്കാർ
കൊച്ചി: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയുണ്ടാകില്ലെന്ന് സർക്കാർ. ഇക്കാര്യമറിയിച്ച് പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഹൈക്കോടതിയിൽ അധികസത്യവാങ്മൂലം നൽകി.
കേരളാ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വാർഷികയോഗത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. നിയമം ലംഘിച്ച് ബോർഡ് വച്ചത് പ്രചാരണച്ചുമതല നൽകിയ ഏജൻസിയാണ്. ഇക്കാര്യത്തിൽ ഉത്തരവാദികളായവർക്കെതിരെ ജനുവരി 15ന് കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. കേരള സർവീസ് ചട്ടമനുസരിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള വസ്തുത ഇക്കാര്യത്തിലില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി യിരുന്നു.
മുഖ്യമന്ത്രിക്ക് സ്തുതിഗീതം;
നിയമനത്തെ എതിർത്ത
ഉദ്യോഗസ്ഥനെ തരംതാഴ്ത്തി
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് സ്തുതിഗീതമെഴുതിയ പൂവത്തൂർ ചിത്രസേനന്റെ നിയമന ഫയലിൽ വിയോജനക്കുറിപ്പെഴുതിയതിന് നടപടി. ഉദ്യോഗസ്ഥനെ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് നിർവാഹക സമിതിയിൽ നിന്ന് പുറത്താക്കി. ധനകാര്യവകുപ്പിലെ സെക്ഷൻ ഓഫീസർ റാസി പോത്തൻകോടിനെയാണ് പുറത്താക്കിയത്.
ധനകാര്യ വകുപ്പിലെ മെസഞ്ചറായി ചിത്രസേനനു വിരമിച്ച ശേഷം പുനർ നിയമനം നൽകുന്നതിനെ ധനകാര്യ വകുപ്പിലെ സെക്ഷൻ ഓഫിസർമാരായ കെ.എൻ. അശോക് കുമാറും , റാസി പോത്തൻകോടും തുടക്കം മുതലേ എതിർത്തിരുന്നു. സാധാരണ വിരമിച്ച ശേഷം അപേക്ഷ നൽകിയാൽ അതു പരിഗണിച്ചാണ് പുനർ നിയമനം നൽകണോ വേണ്ടയോ എന്നു തീരുമാനമെടുക്കുന്നത്.ഇവരുടെ വിയോജിപ്പ് മറികടന്നാണ് ചിത്രസേനൻ വിരമിക്കും മുൻപേ പുനർനിയമനം നൽകി ഉത്തരവിറങ്ങിയത്.
ഇന്നലെ കൂടിയ കമ്മിറ്റിയാണ് നിർവാഹക സമിതിയംഗമായിരുന്ന റാസി പോത്തൻകോടിനെ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ തരം താഴ്ത്തിയത്. സംഘടനാ സെക്രട്ടറിയായ കെ.എൻ.അശോക് കുമാറിനെ ശാസിക്കുകയും ചെയ്തു. ഇവർക്കെതിരെ എംപ്ലോയിസ് യൂണിയൻ പ്രസിഡന്റായ ഹണിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് നടപടിയെടുത്തത്. ട്രഷറർക്കെതിരെ ആരോപണമുന്നയിച്ച സെന്റ് ജെറി ജോണിനെ കഴിഞ്ഞ മാസം നിർവാഹക സമിതിയിൽ നിന്നും പുറത്താക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |