
മലപ്പുറം: പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ വൻകുറവ്. ജൂൺ ഒന്ന് മുതൽ സെപ്തംബർ 30 വരെയുള്ള നാലുമാസ കാലയളവിലാണ് ലഭിക്കേണ്ട മഴയിൽ 28 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയത്. 1901ന് ശേഷമുള്ള 125 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഏഴാമത്തെ വർഷമായി 2026 മാറിയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക്. ഇത്തവണ 2018.6 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 1446.5 മില്ലിമീറ്റർ മാത്രം. വയനാട്, ഇടുക്കി ജില്ലകളെയാണ് മഴക്കുറവ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. വയനാട്ടിൽ ലഭിക്കേണ്ട മഴയുടെ പകുതി പോലും കിട്ടിയില്ല. 53 ശതമാനത്തിന്റെ കുറവാണുള്ളത്. ഇടുക്കിയിൽ 47 ശതമാനവും കൊല്ലത്ത് 38 ശതമാനവും ആലപ്പുഴയിൽ 32 ശതമാനവും പാലക്കാട്, തൃശൂർ ജില്ലകളിൽ 30 ശതമാനം വീതവും മഴക്കുറവ് രേഖപ്പെടുത്തി. അതേസമയം കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ സാധാരണ തോതിലുള്ള മഴ ലഭിച്ചു.
പ്രതീക്ഷ തുലാമഴയിൽ
തുലാവർഷം സാധാരണ നിലയിൽ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. തുലാമഴ മെച്ചപ്പെട്ടാലേ വരാനിരിക്കുന്ന ജലക്ഷാമത്തിന് തടയിടാനാകൂ. ഇന്നലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പകലിൽ മഴ പെയ്തിരുന്നില്ല. ഒക്ടോബർ നാലിന് പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലും അഞ്ചിന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴക്കുറവ് ലഭിച്ച വർഷം,
മഴ (മില്ലിമീറ്ററിൽ)
1918 - 1104.3
1976 - 1296.4
1987 - 1324.5
2023 - 1326.6
2016 - 1352.3
2002 - 1361.7
2026 - 1446.5
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |