
തൃശൂർ: ഡെന്റൽ ഡോക്ടർമാരുടെ സംഘടനകളുമായി ചേർന്ന് കൗമാരക്കാരിലെ ലഹരി ഉപയോഗം കണ്ടെത്താൻ മുക്തി എന്ന പേരിൽ 2016ൽ ഹയർ സെക്കൻഡറി അധികൃതർ ആരംഭിച്ച ദന്ത പരിശോധന ഒരു വർഷം കഴിഞ്ഞപ്പോൾ അവസാനിപ്പിച്ചു.
വായ, നാവ്, പല്ല്, ത്വക്ക് തുടങ്ങിയവ പരിശോധിക്കുന്നതിലൂടെ ലഹരി ഉപയോഗിക്കുന്ന കൗമാരക്കാരെ കണ്ടെത്തി കൗൺസലിംഗ് നൽകി നേർവഴിക്ക് നടത്തുകയായിരുന്നു ലക്ഷ്യം.
എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏഴ് ദിവസത്തെ ക്യാമ്പിലെ ഒരു ദിവസമായിരുന്നു ദന്തപരിശോധന.
ഡോക്ടർമാരുടെ സംഘടന സൗജന്യമായാണ് പരിശോധന നടത്തിയിരുന്നതെങ്കിലും ക്യാമ്പിനുള്ള പണം സർക്കാർ അനുവദിക്കാത്തതാണ് തടസ്സമായത്. പ്രളയവും കൊവിഡും സാമ്പത്തിക ഞെരുക്കവും കാരണം സർക്കാർ പിൻമാറുകയായിരുന്നു.
സർക്കാർ സ്‌കൂളുകളിലെ സൗഹൃദ ക്ലബ്ബുമായി സഹകരിച്ച് 1400ഓളം ദന്തപരിശോധനാ ക്യാമ്പുകൾ 2016ൽ മാത്രം സംഘടിപ്പിച്ചിരുന്നു. ഓരോ ജില്ലയിലും നൂറോളം ക്യാമ്പുകൾ സംഘടിപ്പിച്ചു. ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസാണ് പരിശോധിക്കാൻ മാന്വൽ തയ്യാറാക്കിയത്. അത് അനുസരിച്ച് പരിശീലനം നേടിയ 70 ഡോക്ടർമാരായിരുന്നു പരിശോധകൾ നടത്തിയിരുന്നത്.
കൊവിഡ് വഴിമുടക്കി
കൊവിഡ് കാലത്ത് രണ്ട് വർഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ നേരിട്ടുള്ള പരിശോധനകളും സ്‌കൂളിലെത്തുന്നതും പൂർണമായും ഇല്ലാതായി. മുക്തി പദ്ധതി നിലയ്ക്കാൻ ഇതും കാരണമായി.
`ലഹരി ഉപയോഗിക്കുമ്പോൾ പല്ലിന് ബലക്ഷയമുണ്ടാകും, പൊടിഞ്ഞുപോകും. ഇക്കാര്യം കണ്ടെത്തിയാൽ കുട്ടികളെ കൗൺസലിംഗിലൂടെ നേർവഴിക്ക് നയിക്കാനാകും. മുക്തി പദ്ധതി നിലച്ചത് ദൗർഭാഗ്യകരമാണ്.'
-ഡോ.സുഭാഷ്,പ്രസിഡന്റ്,
ഇന്ത്യൻ ഡെന്റൽ അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |