
കോവിഡിന് ശേഷം ജൈവശാസ്ത്ര വിഷയങ്ങളിലേക്ക് വിദ്യാർത്ഥികളുടെ താൽപ്പര്യം വർദ്ധിച്ചിരിക്കുകയാണ്. മൈക്രോബയോളജി, ബയോടെക്‌നോളജി, പബ്ലിക് ഹെൽത്ത്, ബയോമെഡിക്കൽ സയൻസ് തുടങ്ങിയ കോഴ്‌സുകളോടുള്ള താത്പര്യം ഗണ്യമായി ഉയർന്നിട്ടുണ്ട്. എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ബിസിനസ് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങൾക്ക് കൊവിഡ്-19ന് മുൻപ് വലിയ ഡിമാന്റ് ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് വന്നതോടെ രോഗനിയന്ത്രണം, വാക്‌സീൻ വികസനം, എപിഡമിയോളജി (രോഗവ്യാപന പഠനം) എന്നിവയുടെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞു. വൈറോളജി,ഇമ്യൂണോളജി,ജനററ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളോടുള്ള താത്പര്യം വർധിച്ചു. ഹെൽത്ത് കെയർ അഡ്മിനിസ്‌ട്രേഷൻ, എപിഡമിയോളജി,മോളിക്കുലർ ജനറ്റിക്‌സ് തുടങ്ങിയ കോഴ്‌സുകൾക്ക് ആവശ്യക്കാരേറി.
തൊഴിൽ സാധ്യതയും ഉയർന്നു
ലോകമെമ്പാടുമുള്ള സർവകലാശാലകളിൽ ആരോഗ്യപരിപാലന, ജീവശാസ്ത്ര വിഷയങ്ങളിൽ എൻറോൾമെന്റ് ഉയർന്നിട്ടുണ്ട്. യു.എസ്, ഇന്ത്യ, യു.കെ എന്നിവിടങ്ങളിൽ ജീവശാസ്ത്ര ബിരുദ പ്രവേശനം വർധിച്ചിട്ടുണ്ട്. ബയോടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ എന്നീ മേഖലകളിലെ തൊഴിൽ സാധ്യതയും വർദ്ധിച്ചിട്ടുണ്ട്. രോഗനിർണയം, വാക്‌സീൻ വികസനം, ലാബ് ടെക്‌നിക്‌സ് എന്നിവയിൽ പരിശീലനം ഉള്ള പ്രൊഫഷണലുകളുടെ ആവശ്യം വർധിച്ചിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ, ബയോടെക്‌നോളജി, മെഡിക്കൽ ഗവേഷണം എന്നിവയിൽ വലിയ നിക്ഷേപങ്ങളും നടക്കുന്നുണ്ട്.
കോഴ്സുകൾ
ആന്റിമൈക്രോബിയൽ പ്രതിരോധം (ARM), കാലാവസ്ഥ വ്യതിയാനങ്ങൾ രോഗവ്യാപനത്തെ ബാധിക്കുന്ന വിധം, ജനററ്റിക് എൻജിനീയറിംഗ് എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചതോടെ പരിസ്ഥിതി ബയോളജി, മെഡിക്കൽ എത്തിക്‌സ്, സസ്റ്റെയ്നബിൾ ബയോടെക്‌നോളജി, ഫാർമസി, റീ ജനറേറ്റീവ് ബയോളജി, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ് മുതലായ കോഴ്‌സുകളോടും വിദ്യാർത്ഥികൾ താല്പര്യം കാണിക്കുന്നുണ്ട്. പ്ലസ് ടുവിനു ശേഷം ബയോളജിയിൽ ഉപരിപഠനം നടത്താൻ ഐസർ, NISER ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് പ്രോഗ്രാമുകൾ നല്ലതാണ്. CUET UG പരീക്ഷഎഴുതി കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം നേടാം. സ്റ്റേറ്റ്,കല്പിത,സ്വകാര്യ സർവകലാശാലകളിലും മികച്ച ബി.എസ്, ഇന്റഗ്രേറ്റഡ് എം.എസ് പ്രോഗ്രാമുകളുണ്ട്. വിദേശ സർവകലാശാലകളിൽ ക്ലിനിക്കൽ റിസർച്ചിന് പ്രാധാന്യമേറുന്നുണ്ട്. നീറ്റ് പരീക്ഷയെഴുതിയും മികച്ച പ്രൊഫഷണൽ ബയോളജി പ്രോഗ്രാമുകൾ തെരഞ്ഞെടുക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |