
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ തസ്തിക നിർണയവുമായി ബന്ധപ്പെട്ട ഫയലുകളും എയ്ഡഡ് സ്‌കൂളുകളിലെ നിയമന ഫയലുകളും 15നകം തീർപ്പാക്കണമെന്ന് പൊതു വിദ്യാഭ്യാസവകുപ്പിന്റെ സർക്കുലർ. മാർച്ച് 31നു മുമ്പ് നിയമിക്കപ്പെട്ട് അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്ന ഫയലുകളിലാണ് തീർപ്പുണ്ടാക്കേണ്ടത്. ഓരോ വിദ്യാഭ്യാസ ഓഫീസിലും കെട്ടിക്കിടക്കുന്ന ഫയലുകളിൽ യഥാവിധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സൂപ്രണ്ടുമാരും ഓഫീസർമാരും ഉറപ്പു വരുത്തണം.15നുശേഷവും നടപടിയില്ലാത്ത ഫയലുകളുടെ വിവരം സംസ്ഥാനതലത്തിൽ ശേഖരിക്കണം. പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും.
തസ്തികനിർണയവും അദ്ധ്യാപക നിയമനങ്ങളും 2019 മുതൽ സമന്വയ പോർട്ടൽ മുഖേനയാണ് പരിഗണിക്കുന്നത്. എല്ലാ വിദ്യാഭ്യാസ ഓഫീസിലും സമന്വയ ലോഗിനുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഏതൊക്കെയെന്ന് പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം. സമയബന്ധിതമായി നടപടികൾ സ്വീകരിക്കാത്തതിനാൽ ഭൂരിഭാഗം ജില്ലകളിലെയും വിദ്യാഭ്യാസ ഉപഡയറക്ടർ തലം മുതൽ ജില്ല, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് തലം വരെ തസ്തിക നിർണയ ഫയലുകൾ കെട്ടിക്കിടക്കുന്നു. ഫയലുകളിൽ തുടർനടപടികൾ അനന്തമായി ദീർഘിപ്പിക്കുന്നത് ചട്ടവിരുദ്ധവും നീതിനിഷേധവുമാണ്.. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമന ഫയലുകളിൽ തീരുമാനങ്ങളെടുക്കുന്നതിലും കാലതാമസമുള്ളതായി നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. നിയമന ഫയലുകളിൽ മാനേജർമാർ സമർപ്പിച്ച അപ്പീലുകളിലും കാലതാമസം നേരിടുന്നതായി ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |