
തിരുവനന്തപുരം,എറണാകുളം,തൃശൂർ,കോഴിക്കോട് എന്നീ സർക്കാർ ലാ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലാ കോളേജുകളിലേയും 2025-26 അദ്ധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി.കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് 14 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://cee.kerala.gov.in/
പ്രവേശനത്തിനു വേണ്ട യോഗ്യതകൾ
അപേക്ഷാർത്ഥി ഇന്ത്യൻ പൗരൻ ആയിരിക്കണം. കേരളീയരായ അപേക്ഷകർക്ക് മാത്രമേ സംവരണാനുകൂല്യങ്ങൾക്കും ഫീസാനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കുകയുളളൂ. 31.12.2025 ൽ അപേക്ഷകർക്ക് 17 വയസ് പൂർത്തിയായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
കേരള സംസ്ഥാന ഹയർസെക്കൻഡറി പരീക്ഷയോ, കേരളത്തിലെ സർവകലാശാലകൾ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും പരീക്ഷയോ 45% മാർക്കോടെ പാസായിരിക്കണം. എസ്.ഇ.ബി.സി വിഭാഗങ്ങൾക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും 42% മാർക്കും എസ്.സി/എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് 40% മാർക്കും മതി. അല്ലെങ്കിൽ സംസ്ഥാന സർക്കാർ/കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുള്ള പ്ലസ് ടു പരീക്ഷ പാസാകുയോ ബാർ കൗൺസിൽ ഒഫ് ഇന്ത്യ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള യോഗ്യത നേടുകയോ ചെയ്യണം. അല്ലെങ്കിൽ പത്താം ക്ലാസിന് ശേഷം 3 വർഷത്തെ ഡിപ്ലോമ/പോളിടെക്‌നിക് കോഴ്‌സ്, +2 സർട്ടിഫിക്കറ്റിന് തുല്യമായി പരിഗണിക്കും.
പ്രവേശന പരീക്ഷ
പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും. കേരളത്തിലെ 14 ജില്ലകളിലെയും കേന്ദ്രങ്ങളിൽ വച്ച് 25-നാണ് പ്രവേശന പരീക്ഷ.രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ജനറൽ ഇംഗ്ലീഷ്,പൊതുവിഞ്ജാനം,ഗണിതവും മാനസികശേഷിയും,നിയമ പഠനത്തിനുള്ള അഭിരുചി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒബ്ജക്ടീവ് മാതൃകയിലുള്ള 120 ചോദ്യങ്ങൾ ഉണ്ടാകും.ആകെ മാർക്ക് 360.തെറ്റായ ഓരോ ഉത്തരത്തിനും ഓരോ മൈനസ് മാർക്ക് ഉണ്ട്.ജനറൽ/എസ്.ഇ.ബി.സി വിഭാഗത്തിന് 900 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 450 രൂപയുമാണ് ഫീസ്.അപേക്ഷാഫീസ് ഓൺലൈൻ പേയ്‌മെന്റായി അടയ്‌ക്കണം. ഫീസ് അടച്ചശേഷം നാഷണാലിറ്റി,ജനനതീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും,മറ്റ് സർട്ടിഫിക്കറ്റുകളും,അപേക്ഷകന്റെ അടുത്ത കാലത്ത് എടുത്ത പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ,ഒപ്പ് എന്നിവയും അപ്‌ലോഡ് ചെയ്യണം.ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം പുതിയ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്താനോ ഏതെങ്കിലും തരത്തിലുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുവാനോ അനുവദിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |