
തിരുവനന്തപുരം: കടൽ മണൽ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ സ്വകാര്യ കുത്തകകൾക്ക് ബി.ജെ.പി സർക്കാർ തീറെഴുതുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. കടൽ മണൽ ഖനനത്തിനുള്ള കേന്ദ്രനീക്കത്തിനെതിരെ രാജ്ഭവന് മുന്നിൽ കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംഘടിപ്പിച്ച രാപ്പകൽ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യാഗ്രഹത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കാളികളായി. സാമ്പത്തിക നയങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്ന് കരീം ആരോപിച്ചു. ഖനനത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരായ പൊതുവികാരമുണ്ടാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. കടലിന്റെ അടിത്തട്ടിൽ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ മണലണ്ടെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. എന്നാൽ ഇത് ഖനനം ചെയ്യുന്നത് കടലിലെ ജീവികളുടെ ആവാസവ്യവസ്ഥയെ തകർക്കും. ബൃഹത്തായ മത്സ്യസമ്പത്തും ഇല്ലാതെയാകും. മത്സ്യത്തൊഴിലാളികളെ ഇത് ദോഷകരമായി ബാധിക്കും. കടലിന്റെ സമ്പത്ത് ഊറ്റിയെടുക്കാനുള്ള ലൈസൻസ് നൽകുന്ന കേന്ദ്രശ്രമത്തെ ജീവൻ കൊടുത്തും തൊഴിലാളികൾ എതിർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ, ട്രഷറർ സി.പയസ്, മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എ.സ്നാഗപ്പൻ, സെക്രട്ടറി ആർ.ജെറാൾഡ്, സംഘാടക സമിതി ചെയർമാൻ സി.ലെനിൻ, കൺവീനർ ക്ലൈനസ് റൊസാരിയോ തുടങ്ങിയവർ സംസാരിച്ചു. ഉപരാഷ്ട്രപതി വരുന്നത് പ്രമാണിച്ച് സമരം ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |