SignIn
Kerala Kaumudi Online
Monday, 22 June 2026 2.03 AM IST

കർഷക ക്ഷേമ നിധി ബോർഡ് ത്രിശങ്കുവിൽ # ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്നു, പിന്നെ മിണ്ടാട്ടമില്ല

a

തിരുവനന്തപുരം: പതിനയ്യായിരത്തിലധികം കർഷകരിൽ നിന്ന് അംശാദായമായി 2.75 കോടി രൂപ വാങ്ങിയ കർഷക ക്ഷേമ നിധി ബോർഡിന്റെ പ്രവർത്തനം ത്രിശങ്കുവിൽ. 20 ലക്ഷം കർഷകർക്കായി രൂപീകരിച്ച ബോർഡാണിത്.
ഒന്നാം പിണറായി സർക്കാർ തുടങ്ങിയ കർഷക ക്ഷേമ ബോർഡിന് രണ്ടാം പിണറായി സർക്കാർ തടയിടുകയായിരുന്നു. ഇനി യു.ഡി.എഫ് സർക്കാർ കനിഞ്ഞാലേ കാര്യം നടക്കൂ. നിലവിൽ വന്നിട്ട്

ആറു വർഷം തികയുന്നതിനാൽ ഡിസംബർ മുതൽ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തു തുടങ്ങേണ്ടതാണെങ്കിലും അനുമതി ലഭ്യമാകാത്ത സാഹചര്യമാണ്.

കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി രാജേന്ദ്രൻ ചെയർമാനായി 2020 ഒക്ടോബർ 14 നാണ് പ്രവർത്തനം തുടങ്ങിയത്. തൃശൂരിൽ ഓഫീസ് തുറന്ന് അംഗങ്ങളെ ചേർത്തു തുടങ്ങി. ആനുകൂല്യ വിതരണത്തിനും പദ്ധതികൾക്കുമുള്ള ചട്ടങ്ങൾ രൂപീകരിക്കാനായി രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് ധനകാര്യ വകുപ്പിലേക്ക് പ്രൊപ്പോസൽ എത്തിയത്. ഈ ഫയൽ പിന്നീട് വെളിച്ചം കണ്ടിട്ടില്ല.

സി.പി.ഐ ഭരിക്കുന്ന കൃഷി വകുപ്പിന് കീഴിലെ ഈ ബോർഡ് പ്രഖ്യാപിച്ച പെൻഷൻ തുകയും ആനുകൂല്യങ്ങളും സി.പി.എം വകുപ്പിന് കീഴിലുള്ള മറ്റു ക്ഷേമനിധി ബോർഡുകളെക്കാൾ കൂടുതലാണെന്ന പാർട്ടിയിലെ വിമർശനത്തെ തുടർന്നാണ് ധനവകുപ്പ് തടഞ്ഞതത്രേ. മറ്റു ബോർഡുകളിൽ പെൻഷൻ തുക 2,500 രൂപ നൽകുമ്പോൾ കർഷക ക്ഷേമനിധി ബോർഡിൽ 5,000 രൂപവരെ പ്രതിമാസ പെൻഷൻ നൽകാനാണ് നിശ്ചയിച്ചിരിക്കുന്നത്.

യു.ഡി.എഫ് ബഡ്ജറ്റിൽ

പരിഗണനയില്ല

യു.ഡി.എഫ് സർക്കാരിന്റെ പ്രഥമ ബഡ്ജറ്റിൽ ബോർഡിനുള്ള വിഹിതം നാലിലൊന്നായി വെട്ടിക്കുറച്ചു. കഴിഞ്ഞ ബഡ്ജറ്റിൽ 2 കോടി അനുവദിച്ചിരുന്ന സ്ഥാനത്ത് ഇക്കുറി നീക്കിവച്ചത് 50 ലക്ഷം രൂപ മാത്രമാണ്.

60 വയസാകുമ്പോൾ

പെൻഷൻ 5000

ബോർഡിൽ രജിസ്റ്റർ ചെയ്യുന്ന കർഷകന് 60 വയസാകുമ്പോൾ പരമാവധി 5,000 രൂപവരെ പെൻഷൻ നൽകുമെന്നായിരുന്നു വാഗ്‌ദാനം. ഇൻഷ്വറൻസ്, ഭവന, ചികിത്സ, വിദ്യാഭ്യാസ, വിവാഹ ധനസഹായം അടക്കമുള്ള പന്ത്രണ്ടോളം ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു.


19,407

അംഗത്വത്തിനായി

ലഭിച്ച അപേക്ഷകൾ


15,107

ഇതുവരെ അംഗത്വം

ലഭിച്ചവർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA