SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

അച്ഛൻ അടയിരുന്നു,​ വിരിഞ്ഞത് അഞ്ച് റിയക്കുഞ്ഞുങ്ങൾ

rhea

തൃശൂർ: പെൺപക്ഷികൾ മുട്ടയിട്ടു. ആൺപക്ഷികൾ അടയിരുന്നു. വിരിഞ്ഞ് പുറത്തിറങ്ങിയത് അഞ്ച് കുഞ്ഞുങ്ങൾ. 'അമേരിക്കൻ ഒട്ടകപക്ഷി' എന്നറിയപ്പെടുന്ന റിയ പക്ഷികൾ തൃശൂർ മൃഗശാലയിൽ കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്നു. ഇനിയുമുണ്ട് പത്തുമുട്ടകൾ കൂടി വിരിഞ്ഞിറങ്ങാൻ. അതിലും അടയിരിക്കുന്നത് ആൺപക്ഷികൾ. മുട്ടവിരിയാൻ വേണ്ടത് 38- 40 ദിവസം.

തെക്കേ അമേരിക്കൻ സ്വദേശികളായ റിയ പക്ഷികളുടെ പ്രത്യേകതയാണിത്. മണ്ണിൽ കൂടൊരുക്കി അടയിരിക്കുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും തീറ്റ നൽകുന്നതുമെല്ലാം ആൺപക്ഷികൾ. പെൺപക്ഷികൾക്ക് മുട്ട ഇടുന്ന ജോലി മാത്രം. ആണും പെണ്ണുമായി തൃശൂർ മൃഗശാലയിലുള്ളത് 24 റിയ പക്ഷികൾ. 2016ൽ തിരുവനന്തപുരം മൃഗശാലയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്ന നാല് റിയപ്പക്ഷികളാണ് ഇപ്പോൾ 24ൽ എത്തിയത്. പുത്തൂർ സുവോളജിക്കൽ പാർക്കിലെ സ്വാഭാവിക ആവാസ സ്ഥാനത്തേയ്ക്ക് ഇവയെ മാറ്റുമെന്ന് മൃഗശാല സൂപ്രണ്ട് ടി.വി.അനിൽകുമാർ പറഞ്ഞു.

ഒരാൺപക്ഷിയുടെ കൂടെ രണ്ടോ അതിലേറെയോ ഇണകൾ ഉണ്ടാകും. ഒരു പെൺപക്ഷി 24 മുട്ടവരെയിടും. പല മൃഗശാലകളിലും ഇൻക്യുബേറ്ററിലാണ് മുട്ട വിരിയിക്കാറുള്ളത്. എന്നാൽ, ഇവിടെ അങ്ങനെ ചെയ്യാറില്ല. മുട്ടകൾക്ക് ഇളം മഞ്ഞ നിറമാണ്. ഒട്ടകപ്പക്ഷികളുടേതു പോലെ വലിപ്പമില്ല.

പ്രത്യേകകൂട്ടിൽ

പരിചരണം

ആരോഗ്യവും കാലാവസ്ഥയും അനുകൂലമാണെങ്കിലേ റിയ പക്ഷിക്കുഞ്ഞുങ്ങൾ അതിജീവിക്കൂ. അതിനാൽ പ്രത്യേകകൂട്ടിൽ താപനില ക്രമീകരിച്ചാണ് പരിചരണം. പക്ഷികൾക്കും കുഞ്ഞുങ്ങൾക്കും സ്വാഭാവിക തീറ്റ കൂടാതെ വൈറ്റമിൻ, കാൽസ്യം സപ്ലിമെന്റുകളും നൽകുന്നുണ്ട്. റിയ പക്ഷികളുടെ സുന്ദരമായ തൂവൽ ഉപയോഗിച്ച് അലങ്കാരവസ്തുക്കളും ഉണ്ടാക്കാറുണ്ട്. തൂവലുകളുണ്ടെങ്കിലും ഇവയ്ക്ക് പറക്കാനാവില്ല. വേഗത്തിൽ ഓടാനാകും. 15 വർഷം വരെയാണ് ഇവയുടെ പരമാവധി ആയുസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA