പത്തനംതിട്ട: ലൈഫ് ഭവനപദ്ധതിയിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മിയാണ് കസ്റ്റഡിയിലുള്ളത്. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗുണഭോക്താക്കളാക്കി പണം തട്ടിയെന്നാണ് പരാതി.
ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് പണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് തട്ടിപ്പ് പുറത്തറിയുന്നത്. പരിശോധനയിൽ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയായ റാണി ലക്ഷ്മി തിരിമറി നടത്തിയെന്ന് ബോധ്യമായതോടെയാണ് പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് പകരം റാണി ലക്ഷ്മിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ട് വിവരങ്ങൾ നൽകിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. അമ്മയുടെയും ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും വിവരങ്ങൾ റാണി ലക്ഷ്മി ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.
തുടർന്ന് റാണി ലക്ഷ്മിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരുടെ വീട്ടിൽ പരിശോധന നടത്തിയ ശേഷം കോന്നി സിഐയുടെ നേതൃത്വത്തിൽ റാണി ലക്ഷ്മിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് റാണി ലക്ഷ്മി തണ്ണിത്തോട് വിഇഒയായി ചുമതലയേൽക്കുന്നത്. മുൻപ് ജോലി ചെയ്തിരുന്ന സീതത്തോട് പഞ്ചായത്തിലും സമാന തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിൽ റാണി ലക്ഷ്മി ചുമതലയേറ്റതിന് പിന്നാലെ മുതലുള്ള മുഴുവൻ ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്.
A Village Extension Officer, Rani Lakshmi, has been taken into custody over allegations of fraud involving funds from the Life Housing Scheme. Police suspect irregularities in all three panchayats where she worked. She is accused of listing relatives and friends as beneficiaries and misappropriating the funds.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |