SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

അനുനയ നീക്കം പരാജയം; നിലപാടിലുറച്ച് ജി. സുധാകരൻ, സി.എസ്. സുജാത വീട്ടിലെത്തി കണ്ടു

g-sudhakaran

ആലപ്പുഴ: പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള സി.പി.എം ശ്രമം പരാജയപ്പെട്ടു. ഇന്നലെ കേന്ദ്രകമ്മിറ്റിയംഗം സി.എസ്.സുജാതയും ജില്ലാ സെക്രട്ടേറിയറ്റംഗവും സുധാകരന്റെ ബന്ധുവുമായ ജി.ഹരിശങ്കറും പറവൂരിലെ വീട്ടിലെത്തി സുധാകരനുമായി ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി. നിലപാടിൽ നിന്ന് മാറാൻ സുധാകരൻ തയ്യാറായില്ല.

അംഗത്വം പുതുക്കില്ലെന്നും അനുഭാവിയായി തുടരുമെന്നും പാർട്ടിയിൽ നിന്നും നേതൃത്വത്തിലെ ചിലരിൽ നിന്നുമുണ്ടായ അവഗണനകളെക്കുറിച്ചും സുധാകരൻ അവരോട് വ്യക്തമാക്കി. പലകുറി താൻ അവഗണന നേരിട്ട് അപമാനിതനായപ്പോൾ എവിടെയായിരുന്നു എന്ന് ചോദിച്ചെന്നും അറിയുന്നു. രാവിലെ 9.52ന് സുധാകരന്റെ വീട്ടിലെത്തിയ സുജാതയും ഹരിശങ്കറും 11.08നാണ് മടങ്ങിയത്.

സ്വാഭാവികമായ കൂടിക്കാഴ്ച മാത്രമാണെന്നും, ഇടയ്ക്കിടെ ജി. സുധാകരനെ കാണാൻ എത്താറുള്ളതാണെന്നുമാണ് മാദ്ധ്യമങ്ങളോട് സുജാത പ്രതികരിച്ചത്. അതൃപ്തി പരസ്യമാക്കിയതിനു ശേഷം ആദ്യമായാണ് ഒരു സി.പി.എം നേതാവ് സുധാകരനെ നേരിൽ സന്ദർശിക്കുന്നത്. പാർട്ടി നിയോഗിച്ചതിനാലാണ്​ സി.എസ്​. സുജാത ഉൾപ്പെടെയുള്ളവർ സുധാകരനെ വീട്ടിൽപോയി കണ്ടതെന്നും പ്രശ്നങ്ങൾ നേതൃത്വം ഇടപെട്ട്​ പരിഹരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.

മുഖ്യാതിഥിയാക്കി നോട്ടീസ്

അനുനയ ശ്രമങ്ങൾ തുടരുന്നതിനിടെ ഇന്നുരാവിലെ 11ന്​ മുഖ്യമന്ത്രി പങ്കെടുക്കുന്ന പെരുമ്പളം പാലത്തിന്റെ ഉദ്​ഘാടനച്ചടങ്ങിൽ ജി. സുധാകരനെ മുഖ്യാതിഥിയാക്കി നോട്ടീസ് പുറത്തിറക്കി.

പൊതുപരിപാടികളിൽ ക്ഷണിക്കുന്നില്ലെന്ന സുധാകരന്റെ വിമർശനത്തിന് പിന്നാലെയാണിത്. അതേസമയം, ആരോഗ്യകാരണങ്ങളാൽ തനിക്ക് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് നേരത്തെ മന്ത്രി മുഹമ്മദ് റിയാസ് ഫോണിലൂടെ ക്ഷണിച്ചപ്പോൾ സുധാകരൻ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച കുറിപ്പ് ഫെബ്രുവരി 24ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. എന്നിട്ടും നോട്ടീസിൽ പേര് ഉൾപ്പെടുത്തിയത് അനുനയ നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. മുൻമ​ന്ത്രി ഡോ.തോമസ്​ ഐസക്കിനെയും മുൻ എം.പി ആരിഫിനെയും ചടങ്ങിൽ മുഖ്യാതിഥിയായി നോട്ടീസിൽ ചേർത്തിട്ടുണ്ട്​. ജി. സുധാകരൻ പൊതുമരാമത്ത്​ മന്ത്രിയായിരുന്ന കാലത്താണ് കായലിന്​ കുറുകെ നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയത്​.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: G SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA