
കൊച്ചി: കേരളത്തിന്റെ വികസനത്തിനായി മോദി സർക്കാർ പൂർണപിന്തുണ നൽകുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ഇൻവെസ്റ്റ് കേരള സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന് രാഷ്രീയ നിലപാടുകൾ തടസമാകില്ല. കൂടംകുളത്ത് നിന്നുള്ള വൈദ്യുതലൈൻ, ഗെയിൽ പൈപ്പ്ലൈൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന കേന്ദ്ര നിർദ്ദേശം പിണറായി സർക്കാർ പാലിച്ചു. മുൻസർക്കാരുകൾക്ക് കഴിയാത്ത കാര്യങ്ങളായിരുന്നു ഇവ. അതുപോലെ മൂന്നുപതിറ്റാണ്ടായി മുടങ്ങിക്കിടന്ന വിഴിഞ്ഞം പദ്ധതിയുൾപ്പെടെ നടപ്പാക്കിയതിനും സർക്കാരിനെ ജോർജ് കുര്യൻ അഭിനന്ദിച്ചു.
കേരളത്തിന്റെ വളർച്ചയ്ക്ക് പ്രതിപക്ഷം യോജിച്ചുനിന്ന് പ്രവർത്തിക്കുമെന്ന് മുൻവ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ പുരോഗതിക്ക് ഒന്നായി നിൽക്കും. കിൻഫ്രയ്ക്ക് തുടക്കംകുറിച്ചത് യു.ഡി.എഫ്. സർക്കാരാണ്. അത് വ്യവസായവളർച്ചയ്ക്ക് കരുത്തായി.
സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.വി. തോമസ്, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, അഡിഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്, ജോയ് ആലുക്കാസ്, അഷറഫ് അലി, വർഗീസ് കുര്യൻ, തെക്കൻ കൊറിയൻ കോൺസൽ ജനറൽ ചിൻ യു കിൻ തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |