
ശിവഗിരി: മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷത്തിന് ശിവഗിരിയിൽ ഒരുക്കങ്ങളായി. ചരിത്രമായ ഈ കൂടിക്കാഴ്ച 1925 മാർച്ച് 12നായിരുന്നു.
ഗാന്ധിജിയോടൊപ്പം സി. രാജഗോപാലാചാരി, മഹാദേവ ദേശായി, ദേവദാസ് ഗാന്ധി, ഇ. വി.രാമസ്വാമി നായ്ക്കർ തുടങ്ങിയവരും ഉണ്ടായിരുന്നു. ഗുരുദേവ ശിഷ്യരായ ബോധാനന്ദ സ്വാമി, സത്യവ്രതസ്വാമി, പൂർണാനന്ദ സ്വാമി, ടി.കെ. മാധവൻ, സഹോദരൻ അയ്യപ്പൻ, സി.വി. കുഞ്ഞുരാമൻ, എൻ. കുമാരൻ, പി.സി. ഗോവിന്ദൻ തുടങ്ങിയവരും ആയിരക്കണക്കിന് ഗുരുദേവ ശിഷ്യന്മാരും ഗാന്ധിജിയുടെ ആരാധകരും ശിവഗിരിയിലേക്കുള്ള യാത്രയിൽ പങ്കാളികളായി. ശിവഗിരി തുരപ്പിന് മുകളിലുള്ള ഗാന്ധി ആശ്രമമെന്ന് നാമകരണം ചെയ്യപ്പെട്ട വനജാക്ഷി മന്ദിരത്തിലാണ് സന്ദർശനത്തിന് വേണ്ട ഒരുക്കങ്ങൾ ചെയ്തിരുന്നത്. മന്ദിരത്തിന്റെ മദ്ധ്യഭാഗത്തെ ഹാളിൽ നിലത്ത് ഖദർ വിരിപ്പണിഞ്ഞ പുൽപ്പായയിൽ ഉപവിഷ്ടരായി ഗുരുദേവനും ഗാന്ധിജിയും സംഭാഷണം നടത്തി. ഗുരുദേവൻ സംസ്കൃതത്തിലാണ് സംസാരിച്ചത്. ഗാന്ധിജി ഇംഗ്ലീഷിൽ സംസാരിച്ചപ്പോൾ അഭിഭാഷകനും വിവർത്തകനുമായ എൻ.കുമാരൻ പരിഭാഷകനായി.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഗുരുദേവ- മഹാത്മജി കൂടിക്കാഴ്ച നടന്ന വനജാക്ഷി മന്ദിരത്തിൽ നിന്നും 12 ന് രാവിലെ 9.30 ന് ശിവഗിരിയിലേക്ക് ഏകലോക സങ്കല്‍പ്പസന്ദേശയാത്ര നടത്തും. മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർഗാന്ധി വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠത്തിലെ സന്യാസിവര്യന്മാരും പ്രമുഖ ഗാന്ധിയൻമാരും സങ്കല്‍പസന്ദേശയാത്രയ്ക്ക് നേതൃത്വം നൽകും. ഗുരുദേവന്റെയും മഹാത്മജിയുടെയും ദർശനത്തിലെ പ്രധാന വിഷയമായിരുന്നു ലഹരിമുക്ത ജീവിതം ഉറപ്പാക്കുക എന്നത്. ഗുരുദേവ-മഹാത്മജി സമാഗമ ശതാബ്ദി ആഘോഷത്തോട് അനുബന്ധമായി ലഹരി മുക്ത ഭാരതം എന്ന ആശയം ഉയർത്തിക്കാട്ടി ദേശീയ സെമിനാറും സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |