
തിരുവനന്തപുരം: ഹൈക്കോടതിയിലെ ഗവൺമെന്റ് സ്‌പെഷ്യൽ പ്ലീഡർ,സീനിയർ ഗവൺമെന്റ് പ്ലീഡർ,ഗവൺമെന്റ് പ്ലീഡർ എന്നിവരുടെ മാസവേതനം വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. യഥാക്രമം 1,50,000, 1,40,000, 1,25,000 നിരക്കിലാകും വർദ്ധിപ്പിക്കുക. വർദ്ധനവിന് 2022 ജനുവരി ഒന്നുമുതൽ പ്രാബല്യം നൽകി കുടിശിക അനുവദിക്കും.
അഡ്വക്കേറ്റ് ജനറൽ, അഡിഷണൽ അഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ, അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ, സ്റ്റേറ്റ് അറ്റോർണി എന്നിവരുടെ ഫീസും അലവൻസും പരിഷ്കരിക്കും. റീട്ടെയ്‌നർ ഫീസ് 2,50,000, അലവൻസ് 50,000, സുപ്രീംകോടതി മുമ്പാകെ ഹാജരാകുന്നതിന് 60,000,ഹൈക്കോടതി ഡിവിഷൻബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് 15,000,ഹൈക്കോടതി സിംഗിൾ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് 7500 എന്നിങ്ങനെയാണിത്.
സർക്കാർ, പൊതമേഖലാ സ്ഥാപനങ്ങളിലടക്കം ഐ.ടി ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഒരേ സ്‌പെസിഫിക്കേഷനുള്ള ഇനങ്ങളുടെ വില ജംപോർട്ടലിൽ ലഭ്യമായ വിലയുമായി താരതമ്യം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പോർട്ടൽ മുഖേന സംഭരിക്കേണ്ടതാണെന്ന വ്യവസ്ഥയ്ക്ക് വിധേയമായി സെൻട്രലൈസ്ഡ് പ്രൊക്വയർമെന്റ് റേറ്റ് കോൺട്രാക്ട് സിസ്റ്റം തുടരും. കൂടുതൽ പൊതു ഐ.ടി ഉത്പന്നങ്ങളുടെ സ്‌പെസിഫിക്കേഷനുകൾ നിശ്ചയിച്ച് അവയുടെ വിലവിവരങ്ങൾ സഹിതം പോർട്ടലിൽ പ്രസിദ്ധീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഐ.ടി മിഷൻ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ബി.രാധാകൃഷ്ണനെ സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായി 2 വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാനും തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |