
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ആസ്തിമൂല്യങ്ങൾ പ്രസിദ്ധപ്പെടുത്താനാകില്ലെന്നും അത് ക്ഷേത്രസുരക്ഷയെ അപകടത്തിലാക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ശബരിമല,ഗുരുവായൂർ ക്ഷേത്രങ്ങളുടെ ആസ്തി പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യഹർജിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിലാണ് ബോർഡ് സെക്രട്ടറി എസ്. ബിന്ദു ഇക്കാര്യമറിയിച്ചത്. ആസ്തി കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നും വിവരങ്ങൾ പുതുക്കുന്നുണ്ടെന്നും ബോർഡ് വ്യക്തമാക്കി.
ക്ഷേത്രസ്വത്തായ അമൂല്യ രത്നങ്ങൾ,വജ്രങ്ങൾ, സ്വർണം,വെള്ളി ആഭരണങ്ങൾ,പാത്രങ്ങൾ,മറ്റ് ജംഗമ വസ്തുക്കൾ തുടങ്ങിയവയുടെ മൂല്യം വെളിപ്പടുത്തണമെന്നാവശ്യപ്പെട്ട് 'പ്രോപ്പർ ചാനൽ" പ്രസിഡന്റ് എം.കെ. ഹരിദാസാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാരന്റെ ലക്ഷ്യം സംശയാസ്പദമാണെന്ന് ദേവസ്വം ബോർഡ് ആരോപിച്ചു. ഹർജി മേയ് 22ന് വീണ്ടും പരിഗണിക്കും.
വയനാട്ടിലേക്ക് ഹെലികോപ്ടറിൽ പറക്കാൻ ഗവർണർ
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വയനാട്ടിലേക്ക് പോവുന്നത് സർക്കാരിന്റെ വാടക ഹെലികോപ്ടറിൽ. കവടിയാർ ഗോൾഫ് ക്ലബിനടുത്തെ സ്വകാര്യ ഹെലിപാഡിൽ നിന്ന് എ.ഡി.സിക്കൊപ്പം ഇന്ന് രാവിലെ 7നാണ് ഗവർണർ യാത്ര തിരിക്കുക. തിരുവനന്തപുരത്തു നിന്ന് ചാലക്കുടിയിൽ കോപ്ടർ കമ്പനിയുടെ യാർഡിൽ ഇറങ്ങി, ഇന്ധനം നിറച്ച ശേഷം വയനാട്ടിലേക്ക് പോവും. രാവിലെ 11ന് പൂക്കോട് വെറ്ററിനറി സർവകലാശാലയിലും അവിടത്തെ ആദിവാസി കോളനിയിലും സന്ദർശം നടത്തിയ ശേഷം തിങ്കളാഴ്ച രാവിലെ ഗവർണർ രാജ്ഭവനിൽ തിരിച്ചെത്തും. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിമാനത്തിലാണ് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്ര.
ഇരട്ട വോട്ടർ ഐഡി: 3 മാസത്തിനകം പരിഹരിക്കുമെന്ന്
തിരുവനന്തപുരം:ഒരേ നമ്പർ വോട്ടർ ഐ.ഡി കാർഡ് നൽകിയെന്ന പ്രശ്നത്തിന് മൂന്ന് മാസത്തിനകം പരിഹാരം കാണുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. നിലവിൽ ഇരട്ട വോട്ടർ ഐ.ഡി കാർഡ് നമ്പർ ഉള്ളവർക്ക് സവിശേഷ വോട്ടർ ഐ.ഡി കാർഡ് നമ്പർ ലഭ്യമാക്കും.ഭാവിയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്കും ഇത്തരത്തിൽ സവിശേഷ നമ്പർ ഉറപ്പാക്കും. ഇരട്ട വോട്ടർ ഐ.ഡി നമ്പർ കിട്ടിയവരും യഥാർഥ വോട്ടർമാർ തന്നെയാണെന്ന് കമ്മിഷൻ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. വോട്ടർ ഐ.ഡി നമ്പർ ഏതാണെങ്കിലും, പോളിംഗ് സ്റ്റേഷനിലെ വോട്ടർ പട്ടികയിൽ പേരുള്ള വോട്ടർക്ക് അവിടെ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ഏജന്റുമാർക്ക് വോട്ടർ പട്ടിക പരിശോധിക്കാം. വിശദമായ പരിശോധനകൾക്ക് കരട് വോട്ടർ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |