
റദ്ദാക്കിയത് പിതാവ് കുടുംബക്കോടതിയിൽ നൽകിയ ഹർജിയിലെ ഉത്തരവ്
കൊച്ചി: ദാമ്പത്യ തർക്കത്താൽ അകന്നു കഴിയുന്ന ദമ്പതികളുടെ പതിനൊന്നുകാരനായ മകനെ അമ്മ ജോലി ചെയ്യുന്ന ബ്രിട്ടനിലേക്ക് കൊണ്ടുപോകുന്നതിന് 75 ലക്ഷത്തിന്റെ സെക്യൂരിറ്റി കെട്ടിവയ്ക്കണമെന്ന കുടുംബക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നടപ്പാക്കാനാകാത്ത നിബന്ധന നിർദ്ദേശിക്കരുത്. കുട്ടിക്ക് മികച്ച വിദ്യാഭ്യാസം നൽകാനാണ് ബ്രിട്ടനിലേക്ക് കൊണ്ടുപോകുന്നതെന്ന അമ്മയുടെ വാദം കണക്കിലെടുത്താൽ ഇത്തരം നിബന്ധനകൾ വിദ്യാഭ്യാസ അവകാശം നിഷേധിക്കലാകുമെന്നും കോടതി നിരീക്ഷിച്ചു.
75 ലക്ഷം സെക്യൂരിറ്റിക്ക് പുറമേ 7.5 ലക്ഷത്തിന്റെ ബോണ്ടും തുല്യത്തുകയ്ക്കുള്ള രണ്ടു പേരുടെ ജാമ്യവും വേണമെന്നായിരുന്നു തൃശൂർ കുടുംബക്കോടതി ഉത്തരവ്.
ഇത്തരം വിഷയങ്ങളിൽ കുട്ടിയുടെ ക്ഷേമത്തിനാണ് പ്രാഥമിക പരിഗണന നൽകേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. അമ്മ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കുട്ടിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് പിതാവ് നൽകിയ ഹർജി കുടുംബക്കോടതിയിലുണ്ട്. ഇതിൽ നൽകിയ ഉപഹർജിയിലാണ് വിദ്യാഭ്യാസത്തിന് ബ്രിട്ടനിലേക്ക് കൊണ്ടുപോകാൻ അമ്മ അനുമതി തേടിയത്.
പിതാവ് എതിർത്തതോടെ, പിതാവിനൊപ്പം വിടുന്ന ദിവസങ്ങളിൽ നാട്ടിലെത്തിക്കാനുള്ള ചെലവ്, കുട്ടിയുടെ സംരക്ഷണത്തിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടാകാതിരിക്കാനുളള മുൻകരുതൽ എന്നീ നിലയ്ക്കാണ് സെക്യൂരിറ്റി തുക ഉൾപ്പെടെ ഉപാധികൾ വച്ചത്. കോടതി ഉത്തരവ് ലംഘിച്ചതായി ഹർജിക്കാരിക്കെതിരെ പരാതിയില്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി കടുത്ത നിബന്ധന തള്ളി. മറ്റ് നിബന്ധനകൾ പാലിക്കുമെന്ന് ഹർജിക്കാരി കുടുംബക്കോടതിയിൽ ഉറപ്പ് നൽകുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |