SignIn
Kerala Kaumudi Online
Saturday, 24 October 2026 6.49 PM IST

ബോഡി ഷെയിമിംഗും ഗാർഹിക പീഡനം: ഹൈക്കോടതി

READ ENGLISH VERSION

highcourt

കൊച്ചി: സ്ത്രീകളുടെ ശാരീരിക സവിശേഷതകളെ കളിയാക്കുന്നതും (ബോഡി ഷെയിമിംഗ്) ഗാർഹിക പീഡന നിയമപ്രകാരം കുറ്റകൃത്യമാണെന്ന് ഹൈക്കോടതി. യുവതിയുടെ ശരീരത്തെക്കുറിച്ച് ഭർതൃസഹോദരന്റെ ഭാര്യ കളിയാക്കിയതിന് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്.

2019ൽ വിവാഹിതയായി ഭർതൃവീട്ടിലെത്തിയ യുവതിക്കാണ് ബോഡി ഷെയിമിംഗ് നേരിടേണ്ടിവന്നത്. ശരീരത്തിന് ഷെയ്‌പ്പില്ലെന്നും പറ്റിയ ജോഡിയല്ലെന്നും പറഞ്ഞ് ഭർത്താവിന്റെ മൂത്ത സഹോദരന്റെ ഭാര്യ കളിയാക്കി. അനുജന് സുന്ദരിയായ മറ്റൊരാളെ കിട്ടുമായിരുന്നെന്നും പറഞ്ഞു. യുവതിയുടെ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റിനെക്കുറിച്ച് സംശയം പറയുകയും വാങ്ങി പരിശോധിക്കുകയും ചെയ്തു. വിഷമത്തിലായ യുവതി 2022ൽ ഭർതൃവീട്ടിൽ നിന്ന് താമസം മാറുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഭർത്താവും ഭർതൃപിതാവും ഹർജിക്കാരിയുമായിരുന്നു പ്രതികൾ.

പരാതിക്കാരിയുമായി രക്തബന്ധമില്ലാത്തതിനാൽ, ഗാർഹികപീഡന നിയമത്തിൽ പറയുന്ന 'ബന്ധു" എന്ന നിർവചനത്തിൽപ്പെടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാനവാദം. ബോഡി ഷെയിമിംഗിനെ സ്ത്രീകളോടുള്ള ക്രൂരതയായി കാണാനാകില്ലെന്നും വാദിച്ചു. എന്നാൽ ഭർതൃവീട്ടിലെ താമസക്കാരെ ബന്ധുവായി കണക്കാക്കാമെന്ന് സുപ്രീംകോടതി ഉത്തരവുകൾ മുൻനിറുത്തി സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. കളിയാക്കലും സർട്ടിഫിക്കറ്റ് പരിശോധനയും യുവതിയുടെ ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായതിനാൽ ഗാർഹികപീഡനക്കേസ് നിലനിൽക്കുമെന്നും വ്യക്തമാക്കി. ഇതുസംബന്ധിച്ച് കൂത്തുപറമ്പ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ പരിഗണനയിലുള്ള കേസ് തുടരാമെന്നും ഉത്തരവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA