SignIn
Kerala Kaumudi Online
Thursday, 22 October 2026 7.27 PM IST

പരോപകാര അവയവദാനം: പരസ്യപ്പെടുത്താൻ സംവിധാനം വേണമെന്ന ഹർജിയിൽ വിശദീകരണം തേടി

highcourt

കൊച്ചി: പരോപകാര അവയവദാനത്തിന് സന്നദ്ധരായവർക്കും സ്വീകർത്താക്കൾക്കും പേര് രജിസ്റ്റർ ചെയ്യാൻ കഴിയുന്ന വെബ്പോർട്ടൽ കെ - സോട്ടോ സംവിധാനത്തിലോ ജില്ലാതല ഓതറൈസേഷൻ കമ്മിറ്റികളുടെ കീഴിലോ വേണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ഇത്തരമൊരു സൗകര്യമില്ലാത്തതിനാൽ വൃക്കരോഗികളടക്കം ചൂഷണത്തിനിരയാകുന്നത് ചൂണ്ടിക്കാട്ടി നൽകിയ പൊതുതാത്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്. വൃക്കരോഗം ബാധിച്ച് മരിച്ച തൃശൂർ സ്വദേശിയുടെ 19കാരനായ മകൻ ഫയൽചെയ്ത ഹർജിയിലാണ് കോടതി സർക്കാരിന്റെയടക്കം വിശദീകരണം തേടിയത്.
അവയവമാറ്റ ശസ്ത്രക്രിയ വേണ്ടിവരുന്നവർക്ക് ഈ ആവശ്യം ഉന്നയിച്ച് പത്രപ്പരസ്യം നൽകുന്നതിന് നിലവിൽ വിലക്കുണ്ട്. അടുത്തബന്ധുക്കളിൽ നിന്നല്ലെങ്കിൽ പരോപകാരം എന്ന നിലയിലേ അവയവം ദാനംചെയ്യാനാകൂ. ഇതാണ് ഇപ്പോൾ നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങുന്നത്.
നിലവിൽ ഇടനിലക്കാരാണ് ഈ സാഹചര്യം ചൂഷണം ചെയ്യുന്നത്. 17 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് ഇവർ വൃക്കരോഗികളിൽനിന്ന് ഈടാക്കുന്നത്. കരളാണ് ആവശ്യമെങ്കിൽ 20 ലക്ഷം മുതൽ 25 ലക്ഷംവരെ ഇടനിലക്കാർ വാങ്ങും. എന്നാൽ ദാതാക്കൾക്ക് ലഭിക്കുന്നത് 10 ലക്ഷം രൂപയിൽ താഴെ മാത്രമാണ്.
പരോപകാര അവയവദാന നിയമത്തിന്റെ പേരിൽ പത്രപ്പരസ്യം നൽകുന്നത് വിലക്കിയതിനുശേഷം സംസ്ഥാനത്ത് 2865 വൃക്കമാറ്റവും 300 കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും നടന്നിട്ടുണ്ട്. ഇടനിലക്കാർ വഴിയാണ് ദാതാക്കളെ കണ്ടെത്തിയതെന്നും അഡ്വ. തോമസ് വർഗീസ് വഴി ഫയൽചെയ്ത ഹർജിയിൽ വിശദീകരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA