
കൊച്ചി: ബോബി ചെമ്മണൂരിനെ അറസ്റ്റു ചെയ്‌തതിൽ മുഖ്യമന്ത്രിക്ക് നടി ഹണി റോസും കുടുംബവും നന്ദി അറിയിച്ചു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് ഹണി പറഞ്ഞു.
തന്റെ പോരാട്ടത്തിനൊപ്പം നിന്ന് ശക്തമായ നടപടിയെടുത്തതിന് എ.ഡി.ജി.പി മനോജ് എബ്രഹാം, കൊച്ചി കമ്മിഷണർ പുട്ട വിമലാദിത്യ, ഡി.സി.പി അശ്വതി ജിജി, സെൻട്രൽ എ.സി.പി ജയകുമാർ, എസ്.എച്ച്.ഒ അനീഷ് ജോയ്, പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, മാദ്ധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ, സ്നേഹിതർ എന്നിവർക്കും താരം നന്ദി അറിയിച്ചു.
``ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കുമൊന്നും വേണ്ട. സമൂഹ മാദ്ധ്യമങ്ങളിൽ നിന്നുള്ള നീചവും ക്രൂരവുമായ അസഭ്യ - അശ്ളീല - ദ്വയാർത്ഥ കമന്റുകളും ആസൂത്രിതമായ പ്രചാരണവും മതി. സമൂഹമാദ്ധ്യമ ഗുണ്ടായിസത്തിന് നേതാവുണ്ടെങ്കിൽ മൂർച്ച കൂടും.' ഹണി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പിന്തുണച്ച് സഹപ്രവർത്തകർ
ഹണി റോസ് തുടങ്ങിവച്ച ധീരമായ പോരാട്ടത്തെ പിന്തുണയ്‌ക്കുമെന്ന് ഫെഫ്‌ക അറിയിച്ചു. ഹണി റോസിന്റെ നിശ്ചയദാർഢ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെ കൂട്ടായ പ്രതിരോധത്തിന്റെ തുടക്കമായി കാണുന്നതായി ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ അറിയിച്ചു.
താരസംഘടനയായ അമ്മ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതിനും അപഹസിക്കുന്നതിനുമെതിരായ പരാതിയിൽ നിയമസഹായം നൽകുമെന്നും അമ്മ അഡ്ഹോക് കമ്മിറ്റി അറിയിച്ചിരുന്നു.
ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് സിനിമയിലെ വനിതാ കൂട്ടായ്‌മ (ഡബ്ളിയു.സി.സി ) പിന്തുണ അറിയിച്ചത്. 'അവൾക്കൊപ്പം' എന്ന ഹാഷ് ടാഗുമായാണ് ബോബിക്കെതിരായ പോസ്റ്റ് പങ്കിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |