
തിരുവനന്തപുരം: കൊല്ലപ്പെടുന്നതിന്റെ തലേന്നും ആൻ മേരി മാത്യു പിതാവ് ജിജി മാത്യുവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ, അനിലയെ സംബന്ധിച്ചുള്ള വിഷയങ്ങളോ സംസാരിച്ചിരുന്നില്ല. മകളെ നഷ്ടമായതിന്റെ വേദനയിലും ഞെട്ടലിലുമാണ് അദ്ദേഹം.
കേശവദാസപുരം കാക്കനാട് ലെയ്ൻ 22 മറ്റത്ത് വീട്ടിൽ ആൻ മേരി മാത്യു (40) നാലുവർഷം മുമ്പാണ് അമേരിക്കയിലെത്തിയത്. ബംഗളൂരുവിൽ ജോലി ചെയ്യുന്നതിനിടെയാണ് അമേരിക്കയിൽ ജോലി ലഭിച്ചത്. ഭർത്താവ് കോട്ടയം ചിങ്ങവനം പള്ളത്ര വീട്ടിൽ ജേക്കബ് സോഫ്റ്റ്‌വെയർ എൻജിനിയറാണ്.
പിതാവിന്റെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് ജൂൺ അവസാനവാരം ആൻ മേരിയും മസ്കറ്റിലുള്ള സഹോദരിയും തിരുവനന്തപുരത്തെ വീട്ടിലെത്തിയിരുന്നു. രണ്ടാഴ്ചയോളം താമസിച്ചാണ് ഇരുവരും മടങ്ങിയത്. ആനിന്റെ മാതാവ് ബെസ്സി ജി.മാത്യു എട്ടുവർഷം മുൻപ് റോഡപകടത്തിൽ മരണപ്പെട്ടിരുന്നു. ആൻട്രീസ (12), അലീസ (5) എന്നിവരാണ് ആൻ മേരിയുടെ മക്കൾ.
പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. തുടർന്ന് കോട്ടയം പള്ളം ബുക്കാന സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിൽ സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
''മാളൂട്ടി അങ്ങനെ ചെയ്യുമോ""
വിശ്വസിക്കാനാവാതെ നാട്ടുകാർ
ഈരാറ്റുപേട്ട: ''ചെറുപ്പം മുതൽ അറിയാം മാളൂട്ടിയെ. അവൾ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല. ബേബി ഡോക്ടറും ജോളിയാന്റിയും മകളെ അങ്ങനെയല്ല വളർത്തിയത്""- ഇതാണ് ഈരാറ്റുപേട്ട മൂന്നിലവ് തഴച്ചവയൽ മാറാമറ്റത്ത് അനിലയെക്കുറിച്ച് അയൽക്കാർക്ക് പറയാനുള്ളത്. ശാന്തസ്വഭാവക്കാരിയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
എൻജിനിയറായ അനില നാലുവർഷം മുമ്പാണ് ഉപരിപഠനത്തിനും ജോലിക്കുമായി യു.എസിലേക്ക് പോയത്. അനിലയുടെ സഹോദരൻ അഖിൽ കാനഡയിലാണ്. മകനെയും മകളെയും സന്ദർശിക്കാനായി കഴിഞ്ഞ ജൂൺ രണ്ടിന് മാതാപിതാക്കളായ ഡോ. ബേബി ജോസഫും ജോളി ബേബിയും കാലിഫോർണിയയിലേക്ക് പോയിരുന്നു. നാളെ മടങ്ങി എത്താനിരിക്കെയാണ് അപ്രതീക്ഷിത സംഭവങ്ങൾ. ഇരുവരുടേയും ഫോൺ ഓഫാണ്. ഇവരും അമേരിക്കൻ പൊലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം. തൊടുപുഴ പൈങ്ങോട്ടൂർ സ്വദേശിയാണ് അനിലയുടെ ഭർത്താവ്.
കുടുംബവുമായി സംസാരിച്ച്
കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും
അഞ്ജനയുടെ കുടുംബവുമായി മുഖ്യമന്ത്രി വി.ഡി.സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സംസാരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ കുടുംബത്തെ അറിയിച്ചു. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന് സുരേഷ്ഗോപി വ്യക്തമാക്കി. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും വീട്ടുകാരുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |