SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

ഐ.എസ്.ആർ.ഒ വാർഷിക റിപ്പോർട്ട് ഉടൻ പിൻവലിച്ചു

a

തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചയുടൻ പിൻവലിച്ചത് അസാധാരണ നടപടിയായി. ചരിത്രത്തിലാദ്യമാണ് ഇങ്ങനെയുണ്ടായത്. പിൻവലിച്ചതിന് കാരണമെന്തെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിട്ടില്ല. ഇന്നലെ പുലർച്ചെയാണ് റിപ്പോർട്ട് ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്. നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി. 2025-26 വർഷത്തെ റിപ്പോർട്ടിനാണ് ഈ ഗതി.

പി.എസ്.എൽ.വി റോക്കറ്റിന്റെ രണ്ടു വിക്ഷേപണങ്ങൾ ഒന്നിനുപിറകെ മറ്റൊന്നായി പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട വസ്തുതകളാണ് റിപ്പോർട്ട് പിൻവലിക്കാൻ കാരണമായതെന്നാണ് സൂചന. വിശദീകരണങ്ങളിൽ പിശകുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ വർഷം മേയ് 18നാണ് ആർ.ഐ.സാറ്റുമായി കുതിച്ച പി.എസ്.എൽ.വി സി.61 പരാജയപ്പെട്ടത്. ഈ വർഷം ജനുവരി 12ന് പി.എസ്.എൽ.വിയുടെ സി.62ഉം സമാനരീതിയിൽ പരാജയപ്പെട്ടു. ഇതുവരെ 64വിക്ഷേപണങ്ങൾ നടത്തിയിട്ടുള്ള പി.എസ്.എൽ.വിയുടെ വമ്പൻ പരാജയമാണിത്. ഇതിനു മുമ്പ് ഒരിക്കൽ മാത്രമേ പി.എസ്.എൽ.വി ദൗത്യം വിജയിക്കാതിരുന്നിട്ടുള്ളു.ഇന്ത്യയുടെ ഏറ്റവും വിശ്വസ്തതയാർന്ന വിക്ഷേപണ റോക്കറ്റാണ് പി.എസ്.എൽ.വി.

രണ്ടുപരാജയങ്ങളെക്കുറിച്ചും ഐ.എസ്.ആർ.ഒ വിശദമായ അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ കാരണങ്ങൾ കണ്ടെത്തി വെളിപ്പെടുത്തിയിട്ടില്ല.വീണ്ടും വിജയകരമായി വിക്ഷേപണം നടത്താനുമായിട്ടില്ല. രണ്ടാമത്തെ പരാജയത്തിൽ കേന്ദ്രസർക്കാരും അതൃപ്തി പ്രകടിപ്പിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പാർലമെന്ററി സമിതിയും കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയും ഇതേക്കുറിച്ച് അന്വേഷണം നടത്തിയതോടെ പി.എസ്.എൽ.വിയുടെ രണ്ടാം പരാജയം രാജ്യം ഗൗരവത്തോടെ കണക്കിലെടുത്തുവെന്ന് വ്യക്തമായി.ഇതുസംബന്ധിച്ച വിശദീകരണമാണ് ഐ.എസ്.ആർ.ഒ.വെബ്സൈറ്റിലും ആശയകുഴപ്പമുണ്ടാക്കിയതെന്നാണ് അറിയുന്നത്.

അമേരിക്കയുമായി ചേർന്ന് കഴിഞ്ഞവർഷം ജൂലായ് 30ന് നടത്തിയ നിസാർ ഉപഗ്രഹവിക്ഷേപണമാണ് കഴിഞ്ഞ വർഷത്തെ സുപ്രധാന നേട്ടം.എന്നാൽ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിൽ ഏറ്റവും കുറവ് വിക്ഷേപണങ്ങൾ നടത്തുകയും സുപ്രധാനമായ ഗഗൻയാൻ പലതവണ മാറ്റിവയ്ക്കുകയും ഗതിനിർണയ ഉപഗ്രഹസംവിധാനമായ നാവിക് പദ്ധതിയുടെ നാല് ഉപഗ്രഹങ്ങൾ പ്രവർത്തനരഹിതമാകുകയും ചെയ്ത വർഷമാണിത്.അതിനു പകരം ഉപഗ്രഹവിക്ഷേപണം നടത്താൻ തീയതികുറിച്ചെങ്കിലും നടന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA