SignIn
Kerala Kaumudi Online
Friday, 23 October 2026 11.37 PM IST

കുടിശിക 4000 കോടിയോളം; ജൽജീവൻ പദ്ധതികൾ ഏറ്റെടുക്കാതെ കരാറുകാർ

READ ENGLISH VERSION
p

തിരുവനന്തപുരം: ജൽജീവൻ മിഷൻ അടക്കമുള്ള പദ്ധതികളിൽ 4000 കോടിയോളം രൂപയുടെ ബില്ലുകൾ കുടിശികയായതോടെ പുതിയ കരാറുകൾ ഏറ്റെടുക്കാനാളില്ല. നിലവിലുള്ള പണികൾ പോലും തുടരാനാവില്ലെന്ന് ചൂണ്ടിക്കാട്ടി വാട്ടർ അതോറിട്ടിയെയും ധനവകുപ്പിനെയും രേഖാമൂലം അറിയിച്ചിട്ട് മാസങ്ങളായിട്ടും ബില്ലുകൾ മാറാൻ നടപടിയുണ്ടായിട്ടില്ലെന്ന് വാട്ടർ അതോറിട്ടി കോൺട്രാക്ടേഴ്സ് അസോസിയേഷനും കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷനും പറയുന്നു.

നിർമ്മാണ സാമഗ്രികളുടെ വിലവർ‌ദ്ധനവും വർഷങ്ങൾക്കുമുമ്പേ നിശ്ചയിച്ച കുറഞ്ഞ അടിസ്ഥാനനിരക്കും കാരണം ഏറ്റെടുത്തവപോലും പൂർത്തിയാക്കാനാകുന്നില്ല. ചെറുകിട കരാറുകാർ പിൻമാറുന്നതോടെ കരാറുകൾ മിക്കവയും ഊരാളുങ്കൽ സൊസൈറ്റി പോലുള്ള വൻകിടക്കാർക്കാണ് നൽകുന്നത്. എന്നാൽ,​ ബില്ലുകൾ മാറാതായതോ‌ടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ ഇവരും പിന്നോട്ടുപോയിട്ടുണ്ട്.

ഇതുവരെയുള്ള കുടിശിക

(2024 ഒക്ടോബർ വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം)​

 ജൽജീവൻ മിഷൻ- 3306.93 കോടി

 സ്റ്റേറ്റ് പ്ലാൻ- 121 കോടി

 നബാർഡ്- 51.19 കോടി

 റീബിൾഡ് കേരള ഇനിഷ്യേറ്റീവ്- 17.28 കോടി

 ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്- 153.91 കോടി

ആകെ- 3650.31 കോടി

കേന്ദ്രവും വിലക്കി

44,​714.78 കോടി ചെലവിൽ 2019ൽ തുടങ്ങിയ ജൽജീവൻ പദ്ധതി 2023 മാർച്ചിൽ പൂർത്തിയാക്കാനാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും 2025 മാർച്ച് വരെ നീട്ടി. ആദ്യഘട്ടത്തിൽ 5152.51 കോടി സംസ്ഥാന വിഹിതവും 5610.30 കോടി കേന്ദ്ര വിഹിതമായും ലഭിച്ചിരുന്നു. ഇതിലൂടെ 104 വില്ലേജുകളിലായി 59,​770 കിലോമീറ്ററിൽ പൈപ്പുലൈൻ സ്ഥാപിച്ചു. പദ്ധതിയിൽ പുരോഗതിയില്ലെന്ന് കണ്ടെത്തിയതോടെ 2024 ആഗസ്റ്റിനുശേഷം പുതിയ പ്രവൃത്തികൾക്ക് കരാർ നൽകരുതെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതോടെ,​ അടുത്ത ഘട്ടത്തിലേക്ക് കേന്ദ്രത്തിൽ നിന്നുള്ള വിഹിതം ലഭിക്കുന്നത് പ്രതിസന്ധിയിലായി. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് സംസ്ഥാന വിഹിതം കണ്ടെത്താൻ ഹഡ്കോ,​ നബാർഡ്,​ എൽ.ഐ.സി എന്നിവിടങ്ങളിൽനിന്ന് വായ്പ ലഭ്യമാക്കാൻ വാട്ടർ അതോറിട്ടി സർക്കാരിന് കത്ത് നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. പദ്ധതി കാലാവധി നീട്ടുന്നതിനും പുതിയ കരാർ നൽകുന്നതിനുള്ള തീയതി നീട്ടുന്നതിനും കേന്ദ്രത്തിൽ നിന്ന് അനുമതി തേടാനുള്ള ശ്രമം തുടരുകയാണെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.

'കുടിശിക നൽകാമെന്നും അടിസ്ഥാനനിരക്കുകൾ പുതുക്കാമെന്നും സർക്കാർ ആവർത്തിക്കുന്നതല്ലാതെ നടപടിയൊന്നുമുണ്ടായിട്ടില്ല'

:-ഉണ്ണികൃഷ്ണൻ മലപ്പുറം

വാട്ടർ അതോറിട്ടി കോൺട്രാക്ടേഴ്സ് സംയുക്ത സമര സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JALJEEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA