
മേപ്പാടി: '77 വർഷമായി ഈ മണ്ണിൽ ചവിട്ടിയാണ് ഞാൻ ജീവിക്കുന്നത്. ചോര നീരാക്കിയുണ്ടാക്കിയ ഒന്നരയേക്കറുണ്ട്. മഴയത്ത് വീട്ടിലുറങ്ങാൻ പോലും പേടിയാണ്. ഉള്ളതെല്ലാം വിറ്റ് എങ്ങോട്ടെങ്കിലും പോകണമെന്നുണ്ട്. പക്ഷേ ഈ മണ്ണ് ആരും വാങ്ങില്ല"- കള്ളാടി സ്വദേശി ബേബിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കള്ളാടിയിൽ പ്രകൃതിയാൽ മുറിവേറ്റ ജീവിതങ്ങളുടെ പ്രതീകമാണ് ബേബിയും ഭാര്യ എൽസിയും. വർഷങ്ങളോളം മീനാക്ഷി എസ്റ്റേറ്റിൽ തൊഴിലാളിയായിരുന്നു ബേബി. ജീവിത സമ്പാദ്യം സ്വരുക്കൂട്ടി സമ്പാദിച്ച ഭൂമിയിലെ കൃഷിയാണ് ഉപജീവനം. പക്ഷേ മഴക്കാലമായാൽ സ്വന്തം വീട്ടിൽ താമസിക്കാൻ വൃദ്ധദമ്പതികൾക്ക് പേടിയാണ്.
കരിമറ്റം എസ്റ്റേറ്റ്, കാന്തൻപാറ, കള്ളാടി, മമ്മിക്കുന്ന്, പുത്തുമല, ചൂരൽമല അങ്ങനെ പോകും മേപ്പാടിയിലെ ദുരന്ത ഭൂമികൾ. കള്ളാടിയും ആ പട്ടികയിലാണിപ്പോൾ. കള്ളാടിക്കൊല്ലി തുരങ്കപാതയ്‌ക്കായി പാറ പൊട്ടിച്ചപ്പോൾ വലിയ ശബ്ദം കേൾക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞദിവസം ഭൂമിപിളരും പോലുള്ള ശബ്ദത്തോടെയാണ് മണ്ണും മലവെള്ളവുമെത്തിയത്. പേടിച്ചു വിറച്ച് ഭാര്യ വിളിച്ചു പറഞ്ഞപ്പോഴാണ് അപകടം തിരിച്ചറിയുന്നത്. അതോടെ കൈയിൽ കിട്ടിയതെല്ലാം വാരിയെടുത്ത് ഇരുവരും മീനാക്ഷി എസ്റ്റേറ്റിലേക്ക് ഓടിക്കയറി. ഉച്ചയായപ്പോൾ മീനാക്ഷിയിലേക്കുള്ള വഴികളെല്ലാം അടഞ്ഞു. ഫോണിലാണ് പേടിപ്പിക്കുന്ന കാഴ്ചകളെല്ലാം കണ്ടത്. ഇപ്പോൾ മേപ്പാടി പോളിടെക്നിക്ക് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ബേബിയും എൽസിയും. എല്ലാ മഴക്കാലത്തും ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് അഭയം തേടുന്നത്. മക്കളായ റെനിയും റെജേഷും മറ്റിടങ്ങളിലാണ് താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |