SignIn
Kerala Kaumudi Online
Thursday, 16 July 2026 9.09 AM IST

നിതിൻ രാജിന്റെ മരണം; അന്വേഷണസംഘം ചിറ്റൂരിൽ,​ ഡോ. റാമിനെ ഉടൻ പിടികൂടുമെന്ന് ക്രൈംബ്രാഞ്ച്

ram-and-nithin-raj
ഡോ. എം കെ റാം, നിതിൻ രാജ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ. എം കെ റാമിനെ തേടി ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ. റാം ഒളിവിൽ കഴിയുന്നത് ചിറ്റൂരിലാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇയാളെ ഉടൻ പിടികൂടുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. തുടർന്നാണ് അന്വേഷണസംഘം തെരച്ചിൽ വ്യാപിപ്പിച്ചത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി റാമിനെതിരെ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

വിദ്യാർത്ഥികളോട് അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. സഹപാഠികൾക്ക് മുന്നിൽവച്ച് ഇത്തരത്തിൽ അപമാനിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

സംഭവം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് കോടതി പറഞ്ഞു. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന അദ്ധ്യാപകർ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസിലാക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നുമായിരുന്നു റാമിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. ഡോ. റാം മൂന്ന് മാസമായി ഒളിവിലാണ്.

ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ രാജ് നേരത്തേ വീട്ടുകാരെ അറിയിച്ചിരുന്നു.

English Summary

The Crime Branch team has reached Chittoor in Andhra Pradesh in search of Dr. M.K. Ram, who is accused in the death case of dental college student Nithin Raj in Kannur. Investigators suspect that Ram is hiding in Chittoor and said he will be arrested soon. The Supreme Court had rejected his anticipatory bail plea and made strong remarks regarding the alleged incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHIN RAJ DEATH CASE, KANNUR DENTAL COLLEGE STUDENT DEATH, NITHIN RAJ CASE, CRIME BRANCH INVESTIGATION KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA