
ആലപ്പുഴ: കൗമാരക്കാർ പ്രതികളായ കരുവാറ്റ ശിവൻകുട്ടി ചെട്ടിയാർ (65) കൊലക്കേസിൽ ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം.
കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ മൂന്ന് ആൺകുട്ടികളെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പൊലീസിൻ്റെ അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് നാളെ പരിഗണിക്കും. 16, 17 പ്രായക്കാരായ ആൺകുട്ടികളെ കുറ്റകൃത്യത്തിന്റെ ഭീകരത കണക്കിലെടുത്ത് മുതിർന്നവരായി പരിഗണിക്കണമെന്ന അപേക്ഷയും നൽകിയിട്ടുണ്ട്. ഇത് എത്രത്തോളം അംഗീകരിക്കപ്പെടുമെന്നതിൽ അന്വേഷണസംഘത്തിന് ആശങ്കയുണ്ട്. അപേക്ഷ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ കുറ്റാരോപിതരെ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പും മറ്റും നടത്താനാവില്ല. മൂന്ന് കുട്ടികളുടെയും ചോദ്യം ചെയ്യൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ നടത്താനാകൂ.
മുഖ്യ ആസൂത്രകയായ പതിമൂന്നുകാരിയ്ക്ക് കൗൺസിലിംഗ് നൽകിത്തുടങ്ങി. കുട്ടി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയെന്നാണ് വിവരം. ജുവനൈൽ പരിധിയിൽ നിന്ന് മാത്രമേ ചോദ്യം ചെയ്യാനാകൂ. കുറ്റം തെളിയിക്കപ്പെട്ടാൽ സംരക്ഷണകേന്ദ്രത്തിലെ മൂന്ന് വർഷത്തെ താമസമായിരിക്കും ലഭിക്കാവുന്ന പരമാവധി ശിക്ഷ. ആൺകുട്ടികളെ മുതിർന്നവരായി പരിഗണിച്ചാലും വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കില്ല.
സംസ്ക്കാരം നടത്തി
ശിവൻകുട്ടി ചെട്ടിയാരുടെ മൃതദേഹം കരുവാറ്റയിൽ മക്കളുടെ വീടുനിർമ്മാണം നടക്കുന്ന സ്ഥലത്ത് സംസ്ക്കരിച്ചു. വിദേശത്ത് നിന്നെത്തിയ മൂത്തമകൾ ശശികലയാണ് അന്ത്യകർമ്മങ്ങൾ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും. കരുവാറ്റ 291ാം നമ്പർ എസ്.എൻ.ഡി.പി ശാഖയാണ് സംസ്ക്കാരത്തിനുള്ള സഹായങ്ങൾ ചെയ്തുനൽകിയത്. അടുത്ത ബന്ധുക്കളും പ്രദേശവാസികളുമടക്കം ഇരുപതോളം പേർ മാത്രമാണ് പങ്കെടുത്തത്. മുഖം കാണിക്കാനായി മൃതദേഹത്തിലെ തുണി നീക്കം ചെയ്തതോടെ മകളടക്കം ഭയന്ന് അസ്വസ്ഥരായി. ഇതോടെ മറ്റുള്ളവരെയും മുഖം കാണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇളയമകളുടെ പ്രസവാവശ്യത്തിനായി ആശുപത്രിയിലായിരുന്ന ഭാര്യ സരസ്വതിയും ഇന്നലെയാണ് വീട്ടിലെത്തിയത്. പെൺകുഞ്ഞിന് ജന്മം നൽകിയ മകൾ ശ്രീകലയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേകമുറിയിൽ പാർപ്പിച്ചിരിക്കുകയാണ്.
മൃതദേഹം വീഡിയോകോളിലൂടെ
കാണിച്ച് പെൺകുട്ടി
അടുത്ത ബന്ധുവാണെങ്കിലും പ്രതിയായ പെൺകുട്ടിയുമായി തനിക്ക് അടുപ്പം ഉണ്ടായിരുന്നില്ലെന്ന് ശിവൻകുട്ടിയുടെ മൂത്തമകൾ ശശികല പറഞ്ഞു. ശിവൻകുട്ടി ഫോൺ വിളിക്കുമ്പോൾ കുട്ടിയുടെ പ്രവൃത്തികളെക്കുറിച്ച് പലതവണ അറിയിച്ചിരുന്നു. കൊലപാതകം നടന്ന ശനിയാഴ്ച്ച രാത്രിയിൽ കൂട്ടുകാരിയുടെ വീട്ടിലാണ് കുട്ടി തങ്ങിയത്. ഞായറാഴ്ച അച്ഛൻ വാതിൽ തുറക്കുന്നില്ലെന്ന വിവരം അമ്മ സരസ്വതിയിൽ നിന്നറിഞ്ഞ ശശികല പെൺകുട്ടിയുടെ നമ്പർ വാങ്ങി വിവരങ്ങൾ തിരക്കി. സൈക്കിളും ചെരുപ്പുമെല്ലാം വീടിന് പുറത്തുണ്ടെന്ന് കുട്ടി പറഞ്ഞു. തിങ്കളാഴ്ചയും വാതിൽ തുറക്കുന്നില്ലെന്നും എന്തെങ്കിലും സംഭവിച്ചോ എന്ന് തനിക്ക് ഭയമുണ്ടെന്നും കുട്ടി അറിയിച്ചു. അയൽവാസികളെ കൂട്ടി വീടിന്റെ ഗ്രില്ല് പൊളിച്ച് പരിശോധിക്കാൻ പോകുമ്പോൾ ശശികലയെ പെൺകുട്ടി വീഡിയോകോൾ ചെയ്തു. വീട്ടിലേക്ക് പ്രവേശിക്കുന്നതും മൃതദേഹം കൈയുംകാലും കെട്ടിയ നിലയിൽ തറയിൽ കിടക്കുന്നതും കാണിച്ചുകൊടുത്തു. തൊട്ടുപിന്നാലെ കോൾ കട്ടാക്കി. നിരന്തരം വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. കോൾ എടുത്ത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞതെന്നും ശശികല പറഞ്ഞു. കൊലപാതകം നടന്ന വീട്ടിൽ താമസിക്കാനുള്ള ഭയംമൂലം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം മുറിയെടുത്താണ് ഇവർ താമസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |