
ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഉടുപ്പഴിക്കുന്ന സമ്പ്രദായം തിരുത്തണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞതിനെക്കുറിച്ച് സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പ്രതികരിക്കുന്നു..
തിരുവനന്തപുരം: ഉടുപ്പ് അഴിച്ചുകൊണ്ടേ ക്ഷേത്രങ്ങളിൽ കയറാവൂ എന്ന നിർബന്ധബുദ്ധി തിരുത്തിയേ മതിയാകൂ എന്ന് കഴിഞ്ഞദിവസം ശിവഗിരി തീർത്ഥാടന സമ്മേളന വേദിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞതിനെക്കുറിച്ച് സമൂഹത്തിൽ മികച്ച പ്രതികരണം. സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവരടക്കം ഇതിനെ സ്വാഗതം ചെയ്തു. സ്വാമി സച്ചിദാനന്ദയുടെ നിർദ്ദേശം വലിയ സാമൂഹിക ഇടപെടലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇതിനെ പ്രശംസിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരോട് കേരളകൗമുദി അഭിപ്രായം തേടിയപ്പോൾ മിക്കവരും അനുകൂലിച്ചു. ആചാരങ്ങൾ പാലിക്കപ്പെടേണ്ടതാണെന്ന നിലയിൽ ചില അഭിപ്രായങ്ങളും ഉണ്ടായി.
ഇന്ന് ആവശ്യമല്ല
പണ്ടുകാലങ്ങളിൽ തോർത്ത് അല്ലെങ്കിൽ മേൽമുണ്ട് ധരിക്കുന്നത് ആഢ്യത്വത്തിന്റെയും അധികാരത്തിന്റെയും ചിഹ്നമായിരുന്നു. ക്ഷേത്രത്തിനകത്ത് ദൈവത്തെ കാണാൻ പോകുമ്പോൾ പ്രമാണിത്വം കാണിക്കാതെ സാധാരണക്കാരനായി പോകുന്നതിനായിരുന്നു ഷർട്ട് ഊരാൻ പറഞ്ഞിരുന്നത്. ഇന്ന് നമ്മൾ ധരിക്കുന്ന ഷർട്ടും ചുരിദാറും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പ്രമാണിത്വത്തിന്റെ ചിഹ്നങ്ങളല്ല. ഷർട്ട് ഊരേണ്ടത് ഇന്ന് ആവശ്യമല്ല.
-കെ.എൻ.ഗണേശ്,
ചരിത്രകാരൻ
കാലോചിത മാറ്റം വേണം
ഓരോ ക്ഷേത്രങ്ങളിലെയും ചട്ടങ്ങൾ അവിടെയുള്ള വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ്. ദൈവചൈതന്യത്തിൽ നിന്ന് പോസിറ്റീവ് എനർജി ശരീരത്തിലേയ്ക്ക് നേരിട്ടെത്താനായാണ് പണ്ട് മേൽവസ്ത്രം അഴിക്കണമെന്ന് നിർദ്ദേശിച്ചത്. ക്ഷേത്രദർശനത്തിലൂടെ ശരീരവും മനസും ശുദ്ധമാകുമെന്നാണ് വിശ്വാസം. എന്നാൽ,കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്
-കെ.വി.രാജേന്ദ്രൻ,
തപസ്യ തിരു. ജില്ല
വർക്കിംഗ് പ്രസിഡന്റ്
നിബന്ധന യോജിച്ചതല്ല
കാലാനുസൃതമായ നിരവധി മാറ്റങ്ങൾക്ക് കേരളം സാക്ഷിയായിട്ടുണ്ട്. പുരോഗമനചിന്തകളുടെ വിളനിലമായ കേരളത്തിൽ ആരാധനാലയത്തിൽ കയറാൻ ഉടുപ്പ് ഊരണമെന്ന നിബന്ധന യോജിച്ചതല്ല. നവോത്ഥാനപരമായ ആഹ്വാനങ്ങൾക്ക് മുന്നിൽ നിന്നയാളാണ് ശ്രീനാരായണ ഗുരുദേവൻ. ജാതിക്കും വർണത്തിനും അതീതമായി ജനകീയ പ്രക്ഷോഭത്തിലൂടെ എല്ലാവർക്കും ക്ഷേത്രപ്രവേശനം ലഭിച്ച നാടാണിത്. അനാചാരങ്ങളെ ചെറുക്കാൻ എസ്.എൻ.ഡി.പി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ മുൻകൈയെടുക്കണം.
-അഡ്വ.വി.കെ.നന്ദനൻ,
ശാസ്ത്ര സാഹിത്യ
പരിഷത്ത് പ്രവർത്തകൻ
അവസാനവാക്ക് തന്ത്രിയുടേത്
ആചാരങ്ങൾ പാലിക്കപ്പെടേണ്ടതാണ്. അനാചാരങ്ങളാണ് മാറേണ്ടത്. ഷർട്ടിട്ട് അമ്പലത്തിൽ കയറിക്കൂടാ എന്നത് ആചാരത്തിന്റെ ഭാഗമാണ്. കഴുത്തിനുചുറ്റും നേര്യത് പോലും ധരിക്കാൻ പാടില്ല. ആചാരം സംരക്ഷിക്കണമെന്നാണല്ലോ സുപ്രീംകോടതിയും പറയുന്നത്. ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം അവസാനവാക്ക് തന്ത്രിയുടേതാണ്.
-ഡോ.ശ്രീവത്സൻ നമ്പൂതിരി,
തന്ത്രി കുടുംബാംഗം
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനാകണം
ആരാധനാലയങ്ങൾ വിശ്വാസികൾക്ക് സ്വതന്ത്രമായും സ്വകാര്യമായും ഇടപെടാനുള്ള ഇടങ്ങളാണ്. ഷർട്ട് ധരിക്കാതെ ക്ഷേത്രത്തിൽ കയറുന്നത് ഒരു ബ്രാഹ്മണിക്കൽ ചിന്തയുടെ ഉത്പന്നമാണ്. ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ആരാധന നടത്താൻ വിശ്വാസികൾക്ക് കഴിയണം. ആധുനിക പൗരസമൂഹത്തിൽ വിശ്വാസത്തിനുള്ളിലാണെങ്കിലും യുക്തി കണ്ടെത്തുകയെന്നത് കാലം ആവശ്യപ്പെടുന്നുണ്ട്.
-എസ്.രാഹുൽ, പുരോഗമന കലാസാഹിത്യ
സംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |