
കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ മെഗാ നൃത്തപരിപാടിക്കിടെ സ്‌റ്റേജിൽനിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എം.എൽ.എ ആളുകളെ തിരിച്ചറിയുകയും നിർദ്ദേശങ്ങൾ പാലിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. ഇതോടെ തലയുടെ പരിക്ക് സംബന്ധിച്ച ആശങ്ക ഒഴിവായി. ശ്വാസകോശത്തിന്റെ സ്ഥിതിയിലും പുരോഗതിയുണ്ടെന്ന് റിനൈ മെഡ്സിറ്റി അറിയിച്ചു.
ഇന്നലെ രാവിലെ അടുത്തെത്തിയ മക്കൾക്ക് ഉമ പുതുവർഷ ആശംസ അറിയിച്ചു. ആശുപത്രി മെഡിക്കൽ ഡയറക്‌ടർ ഡോ. കൃഷ്‌ണനുണ്ണി പോളക്കുളത്തിനെ തിരിച്ചറിഞ്ഞു. പരിചയമുള്ളവരെ തിരിച്ചറിയുന്നത് ശുഭലക്ഷണമാണെന്ന് കൃഷ്‌ണനുണ്ണി പറഞ്ഞു. ഇടയ്‌ക്കിടെ സ്വയം ശ്വാസമെടുക്കാൻ കഴിയുന്നുണ്ട്. പൂർണമായി ശ്വസിക്കാൻ കഴിയുന്നതുവരെ വെന്റിലേറ്ററിൽ തുടരും. ഇന്നലെ രാവിലെ എക്‌സ്റേ പരിശോധനയിൽ ശ്വാസകോശത്തിന്റെ സ്ഥിതി മെച്ചപ്പെട്ടു. സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘം സ്ഥിതിഗതികൾ വിലയിരുത്തി.
സാമ്പത്തിക തട്ടിപ്പിനു കേസ്
നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ സാമ്പത്തിക തട്ടിപ്പിനും കേസ്. ഗിന്നസ് റെക്കാഡ് സ്വന്തമാക്കാമെന്ന പേരിൽ പണപ്പിരിവ് നടത്തിയതിനാണിത്. മൃദംഗ വിഷൻ ഉടമ വയനാട് മേപ്പാടി മലയിൽ എം. നിഘോഷ് കുമാർ (40),ഇയാളുടെ ഭാര്യ,സി.ഇ.ഒ ഷെമീർ അബ്ദുൽ റഹിം,അമേരിക്കൻ മലയാളി പൂർണിമ എന്നിവർക്കെതിരെ സാമ്പത്തിക ചൂഷണത്തിനാണ് കേസെടുത്തത്. നൃത്ത അദ്ധ്യാപകരും പ്രതികളായേക്കും.
നൃത്തസന്ധ്യയിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണിത്. അദ്ധ്യാപകർ വഴിയാണ് പണപ്പിരിവ് നടന്നത്. പരിപാടിയുടെ അംബാസഡറായിരുന്ന നടി ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. പരിപാടിക്കായി ഒപ്പിട്ട കരാർ ഹാജരാക്കാൻ ദിവ്യയോട് ആവശ്യപ്പെട്ടു. രക്ഷാധികാരി നടൻ സിജോയ് വർഗീസ്,നൃത്ത അദ്ധ്യാപകർ,പരിപാടിയുടെ സ്‌പോൺസർമാർ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തും.
ഹെൽത്ത് ഇൻസ്‌പെക്‌ടർക്ക്
സസ്‌പെൻഷൻ
നൃത്തപരിപാടിക്ക് അനുമതി തേടി സമർപ്പിച്ച അപേക്ഷ മേലധികാരികൾക്ക് കൈമാറാത്തതിനും സ്ഥലം പരിശോധിക്കാത്തതിനും കലൂർ സർക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർ എം.എൻ നിതയെ കൊച്ചി കോർപ്പറേഷൻ സസ്‌പെൻഡ് ചെയ്‌തു. റവന്യു,ഹെൽത്ത്,എൻജിനിയറിംഗ് വിഭാഗങ്ങൾക്കുണ്ടായ വീഴ്‌ചയും അന്വേഷിക്കുമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |