
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുന്നതടക്കം പരിഗണിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ദുരന്തനിവാരണ നിയമത്തിലെ സാദ്ധ്യതയുപയോഗിച്ച് കടങ്ങൾ എഴുതിതള്ളാൻ കേന്ദ്രം തയ്യാറാകണം. പ്രാഥമികവും മനുഷ്യത്വപരവുമായ ഈ നടപടി കേന്ദ്രം സ്വീകരിക്കുന്നില്ല.
അതിതീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ചെങ്കിലും കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായം, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് തുക ചെലവഴിക്കാനായി മാനദണ്ഡങ്ങളിൽ ഇളവ് വരുത്തൽ എന്നിവയിൽ തീരുമാനമില്ല. പുനർനിർമ്മാണം, പുനരധിവാസം എന്നിവയ്ക്കായി 2221കോടിയാണ് ആവശ്യപ്പെട്ടത്. അതിതീവ്ര ദുരന്തമായി രണ്ടുമാസത്തിനകം അംഗീകരിച്ചെങ്കിൽ യു.എൻ സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ എന്നിവയുടെ സഹായം ലഭിക്കുമായിരുന്നു.
കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളിൽ 25% വരെ ദുരന്ത നിവാരണത്തിന് വിനിയോഗിക്കാനുള്ള സാദ്ധ്യത പ്രയോജനപ്പെടുത്താൻ ശ്രമിക്കും. എസ്.എ.എസ്.സി.ഐ വഴി ലഭിച്ച തുകയുടെ 50% അധികമായി ദുരന്ത നിവരണത്തിനും, ദുരന്ത ബാധിത മേഖലയിലെ പുനർനിർമ്മാണത്തിനും ആവശ്യപ്പെടും. രാജ്യത്തെ മുഴുവൻ എം.പി മാരോടും പുനർനിർമ്മാണത്തിന് തുക അനുവദിക്കണമെന്ന് അഭ്യർത്ഥിക്കും- മുഖ്യമന്ത്രി പറഞ്ഞു.
സ്പോൺസർമാരുടെ യോഗത്തിൽ കർണാടക സർക്കാർ, രാഹുൽ ഗാന്ധി, ഡി.വൈ.എഫ്.ഐ, കെ.സി.ബി.സി, നാഷണൽ സർവീസ് സ്കീം, ശോഭ സിറ്റി എന്നിവരുടെ പ്രതിനിധികളും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉപനേതാവ് പി. കെ കുഞ്ഞാലികുട്ടി എന്നിവരും പങ്കെടുത്തു. അഞ്ച് ആദിവാസി കുടുംബങ്ങളെ അവരുടെ താത്പര്യപ്രകാരം പുനരധിവസിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |