SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

നിയമസഭ സമ്മേളനം 17മുതൽ, ബഡ്ജറ്റ് ഫെബ്രുവരി ഏഴിന്

h

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം 17മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ ഗവർണറുടെ നയപ്രഖ്യാപനത്തോടെയായിരിക്കും തുടക്കം. പുതിയ ഗവർണറുമായി നയപ്രഖ്യാപന തീയതിയിൽ സർക്കാർ ധാരണയിലെത്തി. സഭാസമ്മേളനത്തിന്റെ ആദ്യഘട്ടം 23ന് സമാപിക്കും. 20 മുതൽ 22വരെ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദിപ്രമേയ ചർച്ച.

ഫെബ്രുവരി ഏഴിന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബഡ്ജറ്റ് അവതരിപ്പിക്കും. 10 മുതൽ 12വരെ ബഡ്ജറ്റ് ചർച്ച. മാർച്ച് ആദ്യം വീണ്ടും ചേരും. ധനബില്ലും ധനവിനിയോഗ ബില്ലും പാസാക്കി മാർച്ച് അവസാനത്തോടെ സമാപിക്കും.

നയപ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു. കെ.എൻ.ബാലഗോപാൽ, കെ.രാജൻ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിനായി വിവരങ്ങൾ വകുപ്പുകളിൽ നിന്ന് ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അഡി. ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെ ചുമതലപ്പെടുത്തി.

ആർ.എസ്.എസുകാരനായ പുതിയ ഗവർണറുമായി തർക്കങ്ങളില്ലാതെ ഒത്തുപോകാൻ കഴിയുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തെ സ്വീകരിക്കാനല്ലേ താൻ പോകുന്നതെന്ന് ചിരിച്ചുകൊണ്ട് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.

കാലാവധി ദീർഘിപ്പിച്ചു
കാഷ്യൂ ബോർഡ് ലിമിറ്റഡിന് കേരള ബാങ്കിൽ നിന്നും 100 കോടി ക്രെഡിറ്റ് വായ്പ ലഭിക്കുന്നതിന് നൽകിയ സർക്കാർ ഗ്യാരന്റിയുടെ കാലാവധി വ്യവസ്ഥകൾക്ക് വിധേയമായി 2024 നവംബർ ഒന്നു മുതൽ 6 വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷനിൽ നിന്ന് വായ്പ ലഭിക്കുന്നതിനായി സംസ്ഥാന പട്ടികജാതി വികസന കോർപ്പറേഷന് 150 കോടിയുടെ അധിക സർക്കാർ ഗ്യാരന്റി 5 വർഷത്തേക്ക് (ആകെ 250 കോടി ) അനുവദിക്കും.

രാജ്ഭവന് രണ്ട്

വാഹനങ്ങൾ

രാജ്ഭവനിലേക്ക് രണ്ട് വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകി.

കാലാവധി കഴിഞ്ഞവയ്ക്ക് പകരമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA