
തൃശൂർ : പുതുവത്സരത്തലേന്ന് തേക്കിൻകാട് മൈതാനത്ത് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പതിനാലുകാരനാണ് ഒന്നാം പ്രതി. സുഹൃത്തായ പതിനാറുകാരൻ രണ്ടാം പ്രതിയും.
ജുവൈനൽ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും വിയ്യൂരിലെ ചിൽഡ്രൻസ് കറക്ഷൻ ഹോമിലേക്ക് മാറ്റി. യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ എഫ്.ഐ.ആറിൽ കൊലക്കുറ്റമാണ് ചുമത്തിയത്. തേക്കിൻകാട് മൈതാനത്ത് പ്രതികൾ ലഹരിയുപയോഗിക്കുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ലിവിന്റെ സുഹൃത്ത് കോട്ടയം സ്വദേശി അരുൺ പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്.
കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പതിനാലുകാരൻ ആക്രമിച്ചതെന്നും എഫ്.ഐ.ആറിലുണ്ട്. സംഘം ചേർന്നുള്ള കൊലപാതകം എന്ന വകുപ്പും ചുമത്തി. പാലിയം റോഡ് തോപ്പ് റസിഡൻസി എടക്കളത്തൂർ ലിവിൻ ഡേവിസാണ് (30) പതിനാലുകാരന്റെ കുത്തേറ്റു മരിച്ചത്. ലിവിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌കാരം ഇന്നു നടക്കും. ഡിസംബർ 31ന് വൈകിട്ട് 7.50ന് തേക്കിൻകാട് മൈതാനത്തെ വലിയ ജലസംഭരണിക്ക് സമീപമായിരുന്നു സംഭവം.
സദാചാരഗുണ്ടായിസത്തിന് ശ്രമിച്ചെന്നും ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷാർത്ഥം കത്തി പിടിച്ചെടുത്ത് കുത്തിയെന്നുമാണ് പ്രതികൾ ആദ്യം പൊലീസിന് മൊഴി നൽകിയത്. എന്നാൽ, തർക്കത്തിനിടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇവർ ലിവിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി പതിനാലുകാരന്റേതാണെന്നും പൊലീസ് സ്ഥിരീകരിച്ചു. പ്രതികൾക്കൊപ്പം പെൺകുട്ടികളെ കണ്ടതു ചോദ്യം ചെയ്ത ലിവിനുമായി ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും പ്രകോപനത്തിൽ കഴുത്തിൽ കുത്തുകയായിരുന്നുവെന്നും പറയുന്നു. മദ്യലഹരിയിലായിരുന്ന ലിവിനെ ഉടൻ ജില്ല ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഈസ്റ്റ് പൊലീസാണ് കേസന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |